കൊച്ചി:നടിയെ അക്രമിച്ച കേസ് വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി കേസ് പരിഗണിക്കുന്ന സ്പെഷ്യൽ ജഡ്ജി ഹണി എം. വർഗ്ഗീസ് സുപ്രീംകോടതിയിൽ കത്ത് നൽകി. 2021 ഓഗസ്റ്റിൽ നടപടികൾ പൂർത്തിയാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
നടൻ ദിലീപിനെതിരായ കേസിലെ വിചാരണ പൂർത്തിയാക്കാനുള്ള അവസാന അവസരമായി ആറ് മാസം കൂടി സുപ്രീം കോടതി അനുവദിച്ചു നൽകിയത് 2021 മാർച്ച് മാസത്തിലാണ്. കൊച്ചിയിലെ പ്രാദേശിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഹൈക്കോടതിയിലെ വ്യവഹാരത്തെത്തുടർന്ന് വിചാരണ വൈകിയതിനാൽ അവിടത്തെ ജഡ്ജി അധിക സമയം തേടിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇത്തരമൊരു അനുവാദം ലഭിക്കുന്നത്. ഇരുവിഭാഗത്തോടും കേസുമായി സഹകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
കോവിഡ് മൂലം നടപടികൾ തടസപെട്ടെന്ന് വിചാരണ കോടതി അറിയിച്ചു. കോടതികൾ അപ്രതീക്ഷിതമായി അടച്ചുപൂട്ടിയത് മൂലം അഭിഭാഷകർ ആവശ്യപ്പെട്ട സമയം നഷ്ടമായി.
കേസിൽ ഇതുവരെയായി 179 സാക്ഷികളെ വിസ്തരിച്ചു.124 വസ്തുക്കളും പ്രോസിക്യൂഷൻ ഹാജരാക്കിയ 199 രേഖകളും പരിശോധിച്ചു. സിനിമാ നടന്മാരും സെലിബ്രിറ്റികളും ഉൾപ്പെടുന്ന 43 സാക്ഷികളെ കൂടി വിസ്താരത്തിനായി ഉടൻ ഷെഡ്യൂൾ ചെയ്യും.
2017 ഫെബ്രുവരിയിൽ കൊച്ചിയിൽ ജോലിയുടെ ഭാഗമായി പോകുന്നതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. കേസിലെ എട്ടാമത്തെ പ്രതിയായ ചലച്ചിത്രതാരം ദിലീപിനെ 2017 ജൂലൈയിൽ അറസ്റ്റ് ചെയ്ത് ഏതാനും മാസങ്ങൾക്കു ശേഷം ജാമ്യത്തിൽ വിട്ടു. 85 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് കേസിൽ ദിലീപിന് ജാമ്യം ലഭിച്ചത്.
നടിയെ കാറിനുള്ളിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റം ദിലീപിനുമേൽ ചുമത്തിയിരുന്നു.
2019 നവംബറിൽ ആരംഭിച്ച വിചാരണക്കിടെ, വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കേരള ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസ് നിർത്തിവച്ചിരുന്നു. നടിയും അത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരം നിയമിച്ച വനിതാ വിചാരണ കോടതി ജഡ്ജിക്കെതിരെയാണ് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചത്. കോടതി പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നും നടി ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. എന്നാൽ, ഈ അപേക്ഷ കേരള ഹൈക്കോടതി നിരസിച്ചു.
അതിനുശേഷം സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും, ഇത്തരം ആരോപണങ്ങൾ അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി 2020 ഡിസംബറിൽ നിരസിക്കുകയും ചെയ്തു.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി 2021 ഫെബ്രുവരിയിൽ കൊച്ചിയിലെ അഡീഷണൽ സ്പെഷ്യൽ സെഷൻസ് കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷൻ നൽകിയ ഹർജിയാണ് തള്ളിയത്. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിക്കുന്നു എന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും കാണിച്ച് കഴിഞ്ഞ പ്രോസിക്യൂട്ടറുടെ കാലത്താണ് ഹർജി സമർപ്പിച്ചിരുന്നത്.
തനിക്ക് അനുകൂലമായി പ്രസ്താവനകൾ നടത്താൻ കേസിലെ രണ്ട് സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. എന്നാൽ, ഇക്കാര്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഈ ആരോപണം പിന്താങ്ങുന്ന തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് ദിലീപ് ചൂണ്ടിക്കാട്ടി.