കോട്ടയം:ജില്ലയിലെ വ്യവസായ പ്രമുഖരുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് കൂടിക്കാഴ്ച്ച നടത്തി. കോട്ടയം വിന്‍ഡ്‌സര്‍ കാസില്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ വ്യവസായികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേട്ട മന്ത്രി നിയമങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അറിയിച്ചു.
വ്യവസായികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. വ്യവസായ പാര്‍ക്കുകളുടെ വികസനം ഉള്‍പ്പടെയുള്ള പദ്ധതികള്‍ പരിഗണനയിലാണ്. സ്ഥാപനങ്ങളില്‍ നിയമപരമായി നടത്തേണ്ട പരിശോധനകള്‍ ഏകീകരിക്കുന്നതിന് പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
പ്ലാന്റേഷന്‍, ടൂറിസം, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങി വിവിധ മേഖലകളിൽ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ വ്യവസായികള്‍ മുന്നോട്ടുവച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷും കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്യവും സന്നിഹിതരായിരുന്നു.
രവി ഡിസി, മനോജ് ജോസഫ്(സാന്‍സ് ഫാര്‍മ), ടൈറ്റന്‍ തോമസ്(കേളച്ചന്ദ്ര ഗ്രൂപ്പ്), ഏബ്രഹാം ജേക്കബ്(കാനം ലാറ്റക്‌സ്), സതീഷ് ഏബ്രഹാം(ലാറ്റക്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍), ചെറിയാന്‍ ഏലിയാസ്(എം.ആര്‍,എഫ്), ശിവപ്രസാദ്(കോണ്ടൂര്‍ റിസോര്‍ട്‌സ്), ടി.ഒ. ഏലിയാസ്(വിന്‍ഡ്‌സര്‍ കാസില്‍), ബിജോയ് സോണി(വിശ്വാസ് ഫുഡ്‌സ്), ജേക്കബ് കെ. ജേക്കബ്(കലൂര്‍ ഇലക്ട്രിക്കല്‍സ്), വി.കെ. രാജീവ് (കുമരകം ലേക് റിസോര്‍ട്ട്), അജയ് ജോര്‍ജ്(ബിഫ), ജലാല്‍(പെട്രോ കെമിക്കല്‍ മേഖലയുടെ പ്രതിനിധി) എന്നിവര്‍ സംസാരിച്ചു.