കൊച്ചി:പോലീസ് തന്നെ ബുദ്ധിമുട്ടിക്കാൻ മാത്രമാണ് ചോദ്യംചെയ്യുന്നതെന്നും തന്റെ ഫ്ളാറ്റ് റെയ്ഡ് ചെയ്തെന്നും ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന. രാജ്യദ്രോഹ കേസിൽ പോലീസ് ചോദ്യംചെയ്യലിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
തന്നെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് തന്നെ നിരന്തരം ചോദ്യംചെയ്യുന്നത്. തന്റെ ഫ്ളാറ്റ് പോലീസ് റെയ്ഡ് ചെയ്തു. ചിലരുടെ താൽപര്യങ്ങളാണ് ഇതിനു പിന്നിലെന്നും ആയിഷ സുൽത്താന പറഞ്ഞു. പരിശോധനയും ചോദ്യംചെയ്യലും അടക്കമുള്ള ബുദ്ധിമുട്ടിക്കാനുള്ള നടപടികൾ ഇനിയും ഉണ്ടാകും. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ആയിഷ സുൽത്താന പറഞ്ഞു.
ഉച്ചയ്ക്ക് 2.45ഓടെയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ആയിഷ സുൽത്താനയുടെ കാക്കനാട്ടെ ഫ്ളാറ്റിൽ എത്തിയത്. അഞ്ചുമണി വരെ ചോദ്യംചെയ്യൽ തുടർന്നു. ആയിഷ സുൽത്താനയുടെ സഹോദരന്റെ ലാപ്ടോപ്പ്, ബാങ്ക് രേഖകൾ തുടങ്ങിയവ പരിശോധിച്ചു.
സ്വകാര്യ ചാനൽ ചർച്ചയിൽ നടത്തിയ പരാമർശങ്ങളാണ് ആയിഷ സുൽത്താനയ്ക്കെതിരെയുള്ള രാജ്യദ്രോഹ കേസിന് ആധാരം. ലക്ഷദ്വീപിലെ ബിജെപി ഘടകമാണ് ആയിഷയ്ക്കെതിരെ പരാതി നൽകിയത്. നേരത്തെ കേസിൽ ആയിഷയെ ലക്ഷദ്വീപിൽ വെച്ച് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.