തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ അഭിമുഖീകരിക്കേണ്ടി വരുമെങ്കിലും ബ്ലൂടൂത്ത് സംവിധാനം ഉപയോഗിച്ച് സംസാരിച്ചാല്‍ നടപടിയെടുക്കാന്‍ നിലവില്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍.
മൊബൈല്‍ ഫോണ്‍ കൈയില്‍ വച്ച് സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത് മാത്രമാണ് നിലവില്‍ കുറ്റകരമാക്കിയിരിക്കുന്നത്. ബ്ലൂടൂത്തില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ഇതുവരേയും നിര്‍ദേശം നല്‍കിയിട്ടില്ല. ബ്ലൂടൂത്ത് സംവിധാനം ഉപയോഗിക്കുമ്പോള്‍ കൈകള്‍ സ്വതന്ത്രമായിരിക്കുന്നതിനാലാണ് ഇത്.
കഴിവതും ബ്ലൂടൂത്ത് സംവിധാനവും ഉപയോഗിക്കുന്നത് കുറയ്ക്കണം എന്നതാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. അതേസമയം ബ്ലൂടൂത്ത് സംവിധാനം തങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണെന്നാണ് ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നത്.
ഡ്രൈവിംഗിലുള്ള ശ്രദ്ധയില്‍ പാളിച്ച വരുന്നതൊന്നും കഴിവതും ഉപയോഗിക്കാതിരിക്കുക എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇരുചക്രവാഹനക്കാരും കഴിവതും ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുകയാകും നല്ലതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.