കോഴിക്കോട്: അത്തോളിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം. വര്‍ഷങ്ങളായി താമസിച്ചുവരുന്ന പുരയിടത്തില്‍ മൃതദേഹം സംസ്‌കരിക്കാന്‍ പഞ്ചായത്ത് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം.
ഡിഎംഒ സ്ഥലത്തെത്തി മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നല്‍കിയതോടെ മരിച്ചയാളുടെ കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു. കൊവിഡ് ബാധിച്ച് മരിച്ച ഉള്ളിയേരി സ്വദേശി പറായിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.
പറായി താമസിച്ചുവരുന്ന സ്ഥലത്തിന് മറ്റൊരു സ്വകാര്യവക്തി അവകാശം ഉന്നയിച്ച് കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട ഭൂമിയായതിനാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നല്‍കില്ലെന്നായിരുന്നു പഞ്ചായത്ത് നിലപാട്. മൃതദേഹം സൂക്ഷിച്ച ആശുപത്രിക്ക് സമീപത്തെ കെട്ടിട്ടത്തിനു മുകളില്‍ കയറി മകന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും പോലീസും ഫയര്‍ഫോഴ്‌സും ഇടപെട്ട് താഴെ ഇറക്കി.
പ്രശ്‌ന പരിഹാരത്തിനായി കൊയിലാണ്ടി തഹസില്‍ദാരുടേയും പേരാമ്പ്ര ഡിവൈഎസ്പിയുടേയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. ഇതിനെ തുടര്‍ന്നാണ് കൊവിഡ് മാനദണ്ഡപ്രകാരം സംസ്‌കാരം നടത്താന്‍ അധികൃതര്‍ അനുമതി നല്‍കിയത്.