ദില്ലി: കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ ജാഗ്രത നിർദേശിച്ച് വീണ്ടും കേന്ദ്ര സർക്കാർ. എട്ട് സംസ്ഥാനങ്ങൾക്ക് കൂടി കത്തയച്ചു. മഹാരാഷ്ട്രയിലും വകഭേദം സ്ഥിരീകരിച്ച ഒരാൾ മരിച്ചു. രാജ്യത്ത് അൺലോക്കിന്‍റെ വേഗത കുറയ്ക്കാനും കേന്ദ്രം നിർദേശിച്ചു.
രണ്ടാം തരംഗത്തിൻ്റെ തീവ്രത കുറയുന്നുവെന്ന ആശ്വാസത്തിനിടയിലാണ് രാജ്യത്ത് ഡെൽറ്റ പ്ലസ് ആശങ്ക സൃഷ്ടിക്കുന്നത്. രാജ്യത്ത് 11 സംസ്ഥാനങ്ങളിലെ 50 പേരിൽ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചെന്നാണ് കേന്ദ്രം ഇന്നലെ അറിയിച്ചത്. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ജമ്മു കശ്മീർ, രാജസ്ഥാൻ, ഒഡീഷ, ഗുജറാത്ത്, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഡെൽറ്റ പ്ലസിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഡെൽറ്റ പ്ലസ് ബാധിച്ചത്. മഹാരാഷ്ട്രയിൽ 20 പേരിലാണ് ഡെൽറ്റ പ്ലസ് വകഭഏദം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 9 പേർക്കും സ്ഥിരീകരിച്ചു.
ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനവും ആശങ്കയുണ്ടാക്കുന്നുവെന്ന് ഇന്നലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന 90 ശതമാനം പേരെയും ബാധിച്ചത് വൈറസിൻ്റെ ഡെൽറ്റ വകഭേദമാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ 11,546 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660, കണ്ണൂര്‍ 619, കോട്ടയം 488, പത്തനംതിട്ട 432, ഇടുക്കി 239, വയനാട് 203 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.