ന്യൂഡൽഹി: മോദി സമുദായത്തിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാ കള്ളൻമാരുടെയും പേരിൽ മോദി ഉണ്ടെന്ന പരാമർശം വെറും കുത്ത് വാക്ക് ആയിരുന്നു എന്നും രാഹുൽ ഗാന്ധി സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പറഞ്ഞു. നരേന്ദ്ര മോദി ഒരു വ്യവസായിക്ക് 30 കോടി രൂപ നൽകിയെന്ന ആരോപണം രാജ്യ താത്പര്യം മുൻനിർത്തി ഉന്നയിച്ചതാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മാനനഷ്ട കേസിൽ സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ എൻ ദാവേയെക്ക് മുന്നിൽ ഹാജരായാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തന്ന തരത്തിലുള്ള ഒരു പരാമർശവും നടത്തിയിട്ടില്ല എന്ന് രാഹുൽ മൊഴി നൽകിയത്. നരേന്ദ്ര മോദി ഒരു വ്യവസായിക്ക് 30 കോടി രൂപ നൽകിയെന്ന ആരോപണം ഉന്നയിച്ചിട്ടുണ്ടോ എന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആരാഞ്ഞു. ദേശിയ നേതാവ് എന്ന നിലയിൽ അഴിമതി, തൊഴിൽ ഇല്ലായ്മ എന്നി വിഷയങ്ങളിൽ രാജ്യ താത്പര്യത്തെ മുൻനിർത്തി ആരോപണങ്ങൾ ഉന്നയിക്കാറുണ്ടെന്ന് രാഹുൽ ഗാന്ധി മറുപടി നൽകി.
ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആരാഞ്ഞ മറ്റ് പല ചോദ്യങ്ങൾക്കും ഓർമ്മയില്ല എന്ന മറുപടിയാണ് രാഹുൽ ഗാന്ധി നൽകിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിലെ കോളാറിൽ നടന്ന പ്രചാരണ യോഗത്തിൽ ആണ് രാഹുൽ മോദി സമുദായത്തിന് എതിരെ വിവാദ പരാമർശം നടത്തിയത്. എല്ലാ കള്ളൻമാരുടെയും പേരിൽ മോദി എന്ന് കൂടി ഉണ്ടെന്ന് ആയിരുന്നു വിവാദ പരാമർശം. രാഹുൽഗാന്ധിയുടെ ഈ പരാമർശത്തിന് എതിരെ ഗുജറാത്തിൽനിന്നുള്ള എംഎൽഎ പുർണേഷ് മോദിയാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്. കേസ് ജൂലൈ 12 ന് പരിഗണിക്കാനായി കോടതി മാറ്റി.