ന്യൂഡൽഹി:പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി നേതാക്കൾക്ക് ജാമ്യം നൽകിയ ഡൽഹി ഹൈക്കോടതി വിധി പുനപരിശോധിക്കാൻ സുപ്രീംകോടതി. ഡൽഹി കോടതിയുടെ വിധി പ്രമാണമായി കണക്കാക്കില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, വിദ്യാർത്ഥി നേതാക്കളുടെ ജാമ്യത്തിൽ ഇടപെടില്ലെന്നും കോടതി അറിയിച്ചു.
പൗരത്വ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന വിദ്യാർത്ഥി നേതാക്കളായ ആസിഫ് ഇഖ്ബാൽ തൻഹ, ദേവാങ്കണ കലിത, നടാഷ നർവാൾ എന്നിവർക്ക് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ഇതേതുടർന്ന് മൂന്നുപേരും ഇന്നലെ ജയിൽ മോചിതരാകുകയും ചെയ്തിരുന്നു. എന്നാൽ, ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് ഉന്നത കോടതിയെ സമീപിക്കുകയായിരുന്നു.
മൂന്നുപേരുടെയും ജാമ്യം തുടരുമെന്നും കോടതി വിധി സ്‌റ്റേ ചെയ്യില്ലെന്നും ഹരജി പരിഗണിച്ച സുപ്രീംകോടതി ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി സുബ്രമണ്യൻ എന്നിവർ അറിയിച്ചു. എന്നാൽ, വിധി പരിശോധിക്കുമെന്നും രണ്ടംഗ ബെഞ്ച് അറിയിച്ചു. യുഎപിഎ കേസ് വ്യാഖ്യാനിച്ച കോടതി വിധിക്ക് ദേശീയവ്യാപകമായ അനുരണനങ്ങളുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് വിശദമായ പരിശോധനയ്ക്ക് തീരുമാനിച്ചത്.
ഡൽഹി കോടതിയുടെ വിധിന്യായം സമാനമായ മറ്റു കേസുകളിൽ കീഴ്‌വഴക്കമായി കണക്കാക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഭരണഘടനാ അവകാശമായ പ്രതിഷേധവും ഭീകരവാദ പ്രവർത്തനവും തമ്മിൽ വ്യത്യാസമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഡൽഹി കോടതി വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ, തുടക്കം മുതൽ തന്നെ ഇവർക്ക് ജാമ്യം നൽകരുതെന്നായിരുന്നു ഡൽഹി പൊലീസിന്റെ ആവശ്യം. കേസ് കൂടുതൽ വാദം കേൾക്കലിനായി സുപ്രീംകോടതി അടുത്ത മാസത്തേക്കു മാറ്റിയിട്ടുണ്ട്. ഡൽഹി പൊലീസിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയിൽ ഹാജരായത്.