പാലക്കാട്: പാലക്കാട് നെന്മാറയില്‍ യുവതിയും യുവാവും പത്ത് വര്‍ഷം ഒറ്റമുറിക്കുള്ളില്‍ കഴിഞ്ഞ സംഭവത്തില്‍ വനിതാ കമ്മീഷന്‍ വീട്ടിലെത്തി മൊഴിയെടുത്തു. കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ നേതൃത്വത്തിലാണ് സജിതയുടെയും റഹ്മാന്റെയും മൊഴിയെടുത്തത്. ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്ന് സജിത അഭ്യര്‍ഥിച്ചു.
ഞങ്ങള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. ഇക്കയുടെ പേരില്‍ കേസെടുത്തു എന്ന് പറയുന്നുണ്ട്. എന്തിന് കേസെടുത്തു എന്ന് തനിക്ക് അറിയണമെന്നും സജിത പറഞ്ഞു. തന്റെ ഇഷ്ടത്തോടും സമ്മതത്തോടെയുമാണ് അവിടെ ഒളിവില്‍ കഴിഞ്ഞത്. ഇപ്പോഴും കഴിയുന്നതും. ഒരു ദ്രോഹവും എനിക്ക് ചെയ്തിട്ടില്ല. ഇപ്പോഴും സന്തോഷത്തോടെയാണ് ഇരിക്കുന്നത്.
വനിതാ കമ്മീഷന്‍ വനിതകളെ സംരക്ഷിക്കുന്നതാണെന്ന് പറയുന്നു. ഇക്ക ഇല്ലെങ്കില്‍ സംരക്ഷിക്കുമോ? ഇക്കയാണ് തന്റെ സംരക്ഷണമെന്നും സജിത മാധ്യമങ്ങളോട് പറഞ്ഞു.
വീട്ടിലെ കുടുസുമുറിയില്‍ റഹ്മാനൊപ്പം സജിത പത്തുവര്‍ഷം കഴിഞ്ഞതില്‍ ദുരൂഹതയില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിന്നു. മുറിയില്‍ കഴിഞ്ഞതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങളാണ് സജിതയില്‍ നിന്ന് പോലീസിന് ലഭിച്ചത്. പത്തുവര്‍ഷം വീട്ടില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് സജിതപറഞ്ഞതെല്ലാം ശരിവെക്കുന്ന തരത്തിലാണ് മാതാപിതാക്കളുമായി സംസാരിച്ചപ്പോഴും പോലീസിന് ലഭിച്ച വിവരങ്ങള്‍.
വീട് അറ്റകുറ്റപ്പണി നടന്നപ്പോഴും താന്‍ മുറിക്കകത്ത് ഉണ്ടായിരുന്നെന്ന് സജിത മൊഴിനല്‍കി. ഇതിനു തെളിവായി പണിക്കുവന്ന സമീപവാസികളുടെ പേരടക്കം സജിത പോലീസിനോട് പറഞ്ഞെന്നാണ് സൂചന. മുറിക്കുള്ളില്‍ താമസിച്ച കാലത്ത് സമീപവീടുകളില്‍ നടന്ന കാര്യങ്ങളും തെരഞ്ഞെടുപ്പുപ്രചാരണത്തിനുവന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ചും സജിത പോലീസിനോട് പറഞ്ഞു.