കൊച്ചി: ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിനു പൂർണ്ണ വിരാമമിട്ടുകൊണ്ട് വ്യവസായി എം.എ.യൂസഫലിയുടെ നിർണ്ണായക ഇടപെടൽ മൂലം ജയിൽ മോചിതനായ തൃശ്ശൂർ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണൻ നാട്ടിൽ തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രി 8.20 ന് അബുദാബിയിൽ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 1.45 ന് കൊച്ചിയിലെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് ബെക്സ് ജനിച്ച മണ്ണിലേക്ക് മടങ്ങിയെത്തിയത്. കുടുംബാംഗങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്.മകൻ അദ്വൈതും ഭാര്യ വീണയും വിമാനത്താവളത്തിൽ കൃഷ്ണനെ സ്വീകരിക്കാനെത്തിയിരുന്നു.
വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സർവ്വ പ്രതീക്ഷകളും അസ്തമിച്ച് നിൽക്കെയാണ് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ബെക്സ് കൃഷ്ണന് രക്ഷകനായി എത്തിയത്. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂർ പുത്തൻച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന്റെ(45) വധശിക്ഷ യൂസഫലിയുടെ ഇടപെടലിൽ ഒഴിവായത്.
അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി (blood money) 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാൻ കോടതി വഴി സാധ്യമായത്.
2012 സെപ്തംബർ 7-നായിരുന്നു അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തിൽ സുഡാൻ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബുദാബി പോലീസ് ബെക്സ് കൃഷ്ണനെതിരായി കുറ്റപത്രം സമർപ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യു.എ.ഇ. സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്.
അബുദാബി അൽ വത്ബ ജയിലിൽ കഴിഞ്ഞിരുന്ന ബെക്സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങൾ ഒന്നും ഫലവത്താകാതെ സർവ്വപ്രതീക്ഷകളും തകർന്ന സമയത്താണ് ബന്ധു സേതു വഴി എം.എ.യൂസഫലിയോട് മോചനത്തിനായി ഇടപെടാൻ കുടുംബം അഭ്യർത്ഥിച്ചത്.കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചർച്ചകൾ നടത്തുകയും കാര്യങ്ങൾ പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്. ഒരവസരത്തിൽ ഇതിനായി സുഡാനിൽ നിന്നും കുടുംബാംഗങ്ങളെ അബുദാബിയിൽ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.
വർഷങ്ങൾ നീണ്ട നിരന്തര ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കു ശേഷം മാപ്പ് നൽകാമെന്ന് ബാലന്റെ കുടുംബം കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് ബെക്സിന്റെ കാരഗ്രഹ വാസത്തിന് വിരാമമാകുന്നത്. നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിർഹം ആവശ്യപ്പെട്ടപ്പോൾ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയിൽ കോടതിയിൽ കെട്ടിവെക്കുകയാണുണ്ടായത്.