ന്യൂഡൽഹി : കോവിഡ് ബാധിച്ച് മരിച്ചവരിൽ നിന്ന് വൈറസ് മറ്റുള്ളവരിലേക്ക് പകരുമോ. ആ ചോദ്യത്തിന് ഉത്തരമായി കോവിഡ് ബാധിച്ച 100 പേരുടെ മൃതദേഹങ്ങളില്‍ നിന്നു സാംപിള്‍ ശേഖരിച്ചു നടത്തിയ പരിശോധനയുടെ പഠന റിപ്പോർട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് എയിംസിലെ ആരോഗ്യ വിദഗ്ദർ.
കോവിഡ് ബാധിച്ച് മരിച്ചവരില്‍ നിന്നു വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് ഡല്‍ഹി എയിംസിലെ ഫൊറന്‍സിക് മേധാവി ഡോ. സുധീര്‍ ഗുപ്ത പറയുന്നത്. കോവിഡ് ബാധിച്ച 100 പേരുടെ മൃതദേഹങ്ങളില്‍ നിന്നു സാംപിള്‍ ശേഖരിച്ചു നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നുവെന്നും മരിച്ചയാളുടെ മൂക്കിലോ വായിലോ 24 മണിക്കൂറിനു ശേഷം വൈറസ് നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മരണശേഷം 12-24 മണിക്കൂറിനു ശേഷം വൈറസ് നിലനില്‍ക്കില്ലെന്നാണ് പഠനം. അതുകൊണ്ടു തന്നെ മരിച്ചു 12-24 മണിക്കൂറിനു ശേഷം മൃതദേഹത്തില്‍ നിന്നു വൈറസ് വ്യാപിക്കാനുള്ള സാധ്യത വിരളമാണെന്നും ഡോ. സുധീര്‍ കൂട്ടിച്ചേർത്തു.
എന്നാൽ, മുൻകരുതലെന്ന നിലയിൽ മൃദദേഹത്തിന്റെ വായും മൂക്കും ശരീരദ്രവങ്ങൾ വരാൻ സാധ്യതയുള്ള മറ്റു മുറിവുകളും മറയ്ക്കണമെന്നും മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നവർ മാസ്ക്കുകളും ഗ്ലൗസും ഉൾപ്പെടെ ഉപയോഗിക്കണമെന്നും ഡോ. സുധീര്‍ മുന്നറിയിപ്പ് നൽകി.