ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരീല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ എണ്ണായിരത്തിൽ അധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചു. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയ്ക്കു പുറമേ ആസ്ട്രഗലസ് എന്ന പുതിയ തരം ഫംഗസ് ബാധയും കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ബ്ലാക്ക് ഫംഗസ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കും. സിങ്ക് അടങ്ങിയ മരുന്ന് അമിതമായി ഉപയോഗിക്കുന്നത്, വ്യാവസായിക ഓക്സിജന്റെ ഉപയോഗം, വൃത്തിഹീനമായ ഓക്സിജൻ സിലിണ്ടർ ഉപയോഗം തുടങ്ങിയവ ബ്ലാക്ക് ഫംഗസ് പിടിപെടുന്നതിന് കാരണമാകാം.
പ്രതിരോധ ശേഷി കുറയുന്നതാണ് ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് കാരണമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേരിയ പറഞ്ഞു. തലവേദന, കണ്ണിന് ചുറ്റും തടിപ്പ്/നീര്, കണ്ണിന് ചുവപ്പ് നിറം/ കാഴ്ച്ച മങ്ങൽ, മൂക്കിൽ നിന്നും സ്രവം പുറത്തേക്ക് വരുന്നത് എന്നിവയെല്ലാം ബ്ലാക്ക് ഫംഗസ് ബാധയുടെ ലക്ഷണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. മെയ് 7 നു ശേഷം തുടർച്ചയായി രോഗികളുടെ എണ്ണം കുറഞ്ഞു. രോഗമുക്തി നിരക്ക് വർധിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.