തിരുവനന്തപുരം: കെ.കെ. ശൈലജ അടക്കം എല്ലാ സി.പി.എം. മന്ത്രിമാരേയും മാറ്റിനിർത്തി രൂപവത്കരിച്ച രണ്ടാം പിണറായി മന്ത്രിസഭയിൽ കെ.എൻ. ബാലഗോപാലിനോ അല്ലെങ്കിൽ പി. രാജീവിനോ ആയിരിക്കും ധനകാര്യ വകുപ്പെന്ന് സൂചന. ഇതിൽ ഒരാൾക്ക് വൈദ്യുതി വകുപ്പ് ലഭിച്ചേക്കും. ഇ.പി. ജയരാജൻ കൈകാര്യം ചെയ്തിരുന്ന വ്യവസായം ഇത്തവണ എം.വി. ഗോവിന്ദന് ലഭിക്കാനാണ് സാധ്യത.
മന്ത്രിമാരെ നിശ്ചയിക്കുന്നതിനൊപ്പം വകുപ്പ് തീരുമാനിക്കുക മുഖ്യമന്ത്രിയാണെങ്കിലും പ്രധാന വകുപ്പുകൾ ആർക്കൊക്കെ എന്നതിലും മുതിർന്ന നേതാക്കൾ തമ്മിൽ ആശയവിനിമയം നടക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റി അംഗമായ കെ. രാധാകൃഷ്ണന് പിന്നാക്കക്ഷേമത്തിന് പുറമെ നിയമം, തൊഴിൽ അടക്കം ചില സുപ്രധാന വകുപ്പുകൾ ലഭിക്കുമെന്നാണ് വിവരം.
വി.എൻ. വാസവന് എക്സൈസും വി. ശിവൻകുട്ടിക്ക് സഹകരണ, ദേവസ്വം വകുപ്പുകളുടെ ചുമതലയും ലഭിക്കാനാണ് സാധ്യത. ശൈലജ മാറിയ സ്ഥിതിക്ക് വീണ ജോർജ് ആരോഗ്യമന്ത്രിയായേക്കും. സജി ചെറിയാൻ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് എത്തിയേക്കാം. അല്ലെങ്കിൽ ഈ വകുപ്പ് ബാലഗോപാലിനും വൈദ്യുതി സജി ചെറിയാനും കിട്ടിയേക്കാം.
ആർ. ബിന്ദുവിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയേക്കും. വി. അബ്ദുറഹ്മാന് ന്യൂനപക്ഷ ക്ഷേമം ലഭിച്ചേക്കും. മുഹമ്മദ് റിയാസിന് സ്പോർട്സ്, യുവജനകാര്യ വകുപ്പുകളാകും ലഭിക്കാൻ സാധ്യത.