ലോക്ഡൗണ്‍ ആയതോടെ സംസ്ഥാനത്ത് മദ്യം സ്റ്റോക്ക് ഉള്ളത് മേജര്‍ രവിയുടെ പക്കലാണെന്ന തരത്തിലുള്ള ട്രോളുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരിന്നു. ട്രോളുകളോട് പ്രതികരിച്ച് മേജര്‍ രവി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു തുള്ളി പോലും കഴിക്കാത്ത ആളാണ് താനെന്നും, ഇത്തരത്തില്‍ ട്രോള്‍ ഉണ്ടാക്കുന്നവര്‍ തന്നെയാണ് അതിന്റെ മറുപടിയും ഉണ്ടാക്കി പ്രചരിപ്പിക്കുന്നതെന്നും മേജര്‍ രവി പറയുന്നു. ചിരിക്കാന്‍ പോലും കഴിയാത്ത ഈ സമയത്ത് ഇത്തരം ട്രോളുകള്‍ കാണുമ്പോള്‍ ചിരിക്കാന്‍ കഴിയുന്നുണ്ട് മേജര്‍ രവി പ്രതികരിച്ചു.
മദ്യത്തിന്റെ കാര്യത്തിലുള്ള ഒത്തൊരുമ ഭയങ്കരമാണ്. ഈ ഒത്തൊരുമ കോവിഡിനോട് പൊരുതാന്‍ കാണിച്ചെങ്കില്‍ കേരളം പോലെ നമ്പര്‍ വണ്‍ സംസ്ഥാനം വേറെ ഉണ്ടാകില്ല. ഇത്തരക്കാരോട് എനിക്ക് വിദ്വേഷം ഒന്നുമില്ല. മദ്യത്തിന് വേണ്ടി കാണിക്കുന്ന ഈ ഒത്തൊരുമ കോവിഡിനോട് പൊരുതാന്‍ കൂടി കാണിക്കണം എന്നാണു എനിക്ക് ഇവരോട് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേജര്‍ രവിയുടെ വാക്കുകള്‍
‘ചില സുഹൃത്തുക്കളാണ് മദ്യത്തെക്കുറിച്ച് ഒരാള്‍ ഇന്‍ബോക്സില്‍ ചോദിച്ചപ്പോള്‍ ഞാന്‍ ചീത്ത പറഞ്ഞ രീതിയില്‍ ഉള്ള ഒരു സ്‌ക്രീന്‍ഷോട്ട് അയച്ചു തന്നത്. ‘സാറ് ഇങ്ങനെ പറയില്ലല്ലോ, പിന്നെ എന്താണ് സംഭവിച്ചത്’ എന്ന് ചോദിച്ചു. ഞാന്‍ അങ്ങനെ പറയില്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ അപ്പോള്‍ ഊഹിച്ചോളൂ, എന്ന് മറുപടിയായി പറഞ്ഞു. അത് എന്റെ പേരില്‍ ആരോ ഉണ്ടാക്കിയ വ്യാജസ്‌ക്രീന്‍ ഷോട്ട് ആയിരുന്നു.’
‘ഞാന്‍ അങ്ങനെ ആരെയും മോശം പറയുന്ന ആളല്ല. കേരളത്തില്‍ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു മേജര്‍ ഞാന്‍ ആണ് എന്നൊക്കെയാണ് ട്രോള്. സത്യത്തില്‍ ഞാന്‍ മദ്യപിക്കാത്ത ഒരാളാണ്. എന്റെ ക്വാട്ട പോലും ഞാന്‍ വാങ്ങാറില്ല. അതുകൊണ്ടു തന്നെ ഈ ട്രോള് കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്.
ഇക്കാലത്ത് ചിരിക്കാന്‍ ഒരു കാര്യം കിട്ടുന്നത് നല്ലതല്ലേ. ആരോ ഒരു ട്രോള്‍ ഉണ്ടാക്കി അതിന്റെ ഉത്തരവും അയാള്‍ തന്നെ ഉണ്ടാക്കി. വ്യക്തിപരമായി ഇതൊന്നും എന്നെ ബാധിക്കുന്നില്ല. ഇത് ഹിറ്റാണ് എന്നാണ് സുഹൃത്തുക്കള്‍ വിളിച്ചു പറയുന്നത്, മേജര്‍ രവിയുടെ ഭാഷ കൊള്ളാമല്ലോ എന്ന് പറഞ്ഞു, അത് കേട്ട് ഞാന്‍ കുറെ ചിരിച്ചു.’
‘കേരളത്തില്‍ ഏറ്റവുമധികം അനുസരണയോടെ ആളുകള്‍ നില്‍ക്കുന്നത് ബെവറേജസിന്റെ മുന്നിലാണ്. അവര്‍ ഒരിക്കലും ലൈന്‍ തെറ്റിക്കാറില്ല. മദ്യത്തിന്റെ കാര്യത്തിലുള്ള ഒത്തൊരുമ ഭയങ്കരമാണ്. ഈ ഒത്തൊരുമ കോവിഡിനോട് പൊരുതാന്‍ കാണിച്ചെങ്കില്‍ കേരളം പോലെ നമ്പര്‍ വണ്‍ സംസ്ഥാനം വേറെ ഉണ്ടാകില്ല. ഇത്തരക്കാരോട് എനിക്ക് വിദ്വേഷം ഒന്നുമില്ല. മദ്യത്തിന് വേണ്ടി കാണിക്കുന്ന ഈ ഒത്തൊരുമ കോവിഡിനോട് പൊരുതാന്‍ കൂടി കാണിക്കണം എന്നാണു എനിക്ക് ഇവരോട് പറയാനുള്ളത്.