തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്. മുല്ലപ്പള്ളിയുടെ പേരിൽ വ്യാജ ഇ-മെയിൽ ഐ.ഡി. നിർമിച്ച് പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ഇതിനെതിരേ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയതായി മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
വ്യാജ ഇ-മെയിൽ ഐഡി ഉപയോഗിച്ച് തന്റെ പേരിൽ വ്യാപകമായി ധനസഹായഭ്യർഥന നടത്തി പണം പിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. കഴിഞ്ഞദിവസം ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതിനെ തുടർന്ന് സഹപ്രവർത്തകരാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയിൽ വീഴാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം. തട്ടിപ്പുകാരെ എത്രയുംവേഗം പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കേരളത്തിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിലും ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ പേരിലും നേരത്തെയും സമാനമായ തട്ടിപ്പുകൾ നടന്നിരുന്നു. ഉദ്യോഗസ്ഥരുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് നിർമിച്ചായിരുന്നു ഇത്തരം സംഘങ്ങൾ സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടിരുന്നത്.