കൊല്ലം: ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശത്ത് കിണറുകളില്‍ ഒന്നര ദിവസത്തിനുള്ളില്‍ ഉയര്‍ന്നത് 40 അടി ജലം. സംഭവത്തിന് പിന്നില്‍ എന്തെന്ന് അറിയാതെ അത്ഭുതപ്പെട്ട് നാട്ടുകാര്‍. ചാത്തന്നൂര്‍ താഴം കുരയില്‍വിളയിലാണ് സംഭവം. പത്ത് വീടുകളിലെ കിണറുകളിലാണ് ജലം ഉയര്‍ന്നത്.
ഞായര്‍ ഉച്ചയോടെ ബാബു എന്നയാളുടെ വീട്ടിലെ കിണറില്‍ ജലനിരപ്പ് ഉയര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഈ വിവരം പറഞ്ഞതിനെ തുടര്‍ന്ന് അയല്‍വാസിയായ മോഹന്‍ദാസിന്റെ വീട്ടിലെ കിണര്‍ പരിശോധിച്ചപ്പോള്‍ അതിലും സമാനമായ അവസ്ഥ കണ്ടു.
പിന്നീട് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ വലിയ തോതില്‍ ജലം ഉയര്‍ന്നു. മോഹന്‍ദാസിന്റെ വീട്ടിലെ കിണറിനു 45 തൊടി താഴ്ചയാണ് ഉള്ളത്. ഇതില്‍ ഒരു തൊടിയോളം വെള്ളമാണ് ഉണ്ടായിരുന്നത്. 24 മണിക്കൂറിനുള്ളില്‍ 40 തൊടി മുങ്ങി.
പ്രദേശത്തെ നിരവധി വീടുകളിലെ കിണറുകളില്‍ ജലം ഉയര്‍ന്നു. ജലത്തിനു നിറത്തിലും രുചിയിലും വ്യത്യാസമില്ല. ഭൂഗര്‍ഭ ജലവകുപ്പ് അധികൃതര്‍ എത്തി പരിശോധിച്ചു ആശങ്ക അകറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ചാത്തന്നൂര്‍ പഞ്ചായത്തില്‍ രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശമാണിത്. വീട്ടിലേക്ക് പോലും ശുദ്ധജലം തികയാത്ത അവസ്ഥയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത ജലപ്രവാഹം.