മുംബൈ:മരണത്തിന് തൊട്ടുമുമ്പ് കൊവിഡ് രോഗിയായ ഭാര്യ പങ്കുവച്ച വീഡിയോ സന്ദേശം ട്വീറ്റ് ചെയ്ത് യുവാവ്. കൊവിഡ് ബാധിച്ച് ദിവസങ്ങൾക്കുള്ളിൽ റാവിഷ് ചൗളയുടെ ഗർഭിണിയായ ഭാര്യ ഡിംപിൾ അറോറ മരിക്കുകയായിരുന്നു. കൊവിഡ് ബാധിക്കുന്നത് നിസ്സാരമായി കാണരുതെന്നും കരുതൽ വേണമെന്നും തന്റെ അനുഭവത്തിൽ നിന്ന് ഡിംപിൾ വ്യക്തമാക്കുന്നതാണ് വീഡിയോ.
”കൊറോണയെ നിസ്സാരമായി കാണരുത്.. മോശം ലക്ഷണങ്ങൾ… എനിക്ക് സംസാരിക്കാൻ കഴിയുന്നില്ല… നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയ്ക്കായി ആളുകളോട് സംസാരിക്കുമ്പോൾ മാസ്ക് വയ്ക്കൂ… ആരും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകരുതെന്നാണ് എനിക്ക് പ്രാർത്ഥിക്കാനുള്ളത്. മറ്റാർക്കും ഇത്തരം ലക്ഷണങ്ങൾ ഉണ്ടാവാതിരിക്കട്ടെ. നിങ്ങളുടെ വീട്ടിൽ ഗർഭിണികൾ, പ്രായമായവർ, ചെറിയ കുട്ടികൾ എന്നിവരുണ്ടെങ്കിൽ നിങ്ങൾ നിരുത്തരവാദപരമായി പെരുമാറരുത്. എനിക്ക് ജോലി ചെയ്യണമെന്നുണ്ട്. ഞാൻ വളരെ ഊർജ്ജസ്വലയായിരുന്നു, എന്നാലിപ്പോൾ എന്റെ ശരീരം അനുവദിക്കുന്നില്ല…”- ഡിംപിൾ വീഡിയോയിൽ പറയുന്നു.
”കൊവിഡ് കാരണം എനിക്ക് എന്റെ ഗർഭിണിയായ ഭാര്യയെയും ജനിക്കാനിരുന്ന ഞങ്ങളുടെ കുഞ്ഞിനെയും നഷ്ടപ്പെട്ടു. ഏപ്രിൽ 26ന് അവൾ മരിച്ചു, ഒരു ദിവസം മുന്നെ ഞങ്ങളുടെ ജനിക്കാനിരുന്ന കുഞ്ഞും. ഏപ്രിൽ 11നാണ് അവൾക്ക് പോസിറ്റീവായത്. അവളുടെ ബുദ്ധിമുട്ടുകൾ ഈ വീഡിയോയിൽ അവൾ പറയുന്നുണ്ട്…” – വീഡിയോ പങ്കുവച്ച് റാവിഷ് കുറിച്ചു. ഏഴ് മാസം ഗർഭിണിയായിരുന്നു ഡിംപിൾ.
I lost my pregnant wife and our unborn child to covid
She breathed her last on 26/4/21 and our unborn child a day earlier. She got covid positive on 11/4 and even during her suffering she had made the above video on 17/4 warning others not to take this covid lightly. #CovidIndia pic.twitter.com/Syg6yddMTD
— Ravish Chawla (@ravish_chawla) May 9, 2021
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.4205 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.3,55,338 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,33,40,938 ആയി ഉയര്‍ന്നു. ഇതില്‍ 1,93,82,642 പേര്‍ക്ക് ഇതുവരെ രോഗമുക്തിയുണ്ടായി. മരണസംഖ്യ 2,54,197 ആയി ഉയര്‍ന്നു. 37,04,099 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 17,52,35,991 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്സിന് നല്‍കിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലാണ് കോവിഡ് അതീവ രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്നാട്, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗബാധ കുറയാത്തത്.