കൊച്ചി:ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണത്തിന് കുറവ് സംഭവിക്കാതിരിക്കാൻ മുൻകരുതലുമായി എറണാകുളം മോട്ടോർ വാഹന വകുപ്പ്.
ഓക്സിജൻ വിതരണം നടത്തുന്ന ടാങ്കറുകളുടെ കുറവ് നികത്താൻ മറ്റു ടാങ്കറുകൾ ഉപയോഗപ്പെടുത്താനുള്ള സാധ്യത വിശദമായി പരിശോധിക്കുകയും, സ്വകാര്യ ഉടമസഥതയിലുള്ള 3 LNG ടാങ്കറുകൾ പിടിച്ചെടുത്ത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറി.
ഒൻപത് ടൺ വരെ ഓക്സിജൻ നിറക്കാൻ കഴിയുന്ന മൂന്ന് ടാങ്കറുകൾ ആണ് കൈമാറിയത്. ജില്ലയുടെയും , സമീപ ജില്ലകളുടെയും ഓക്സിജൻ ആവശ്യത്തിന് ഇത് പരിഹാരം ആകുമെന്നാണ് പ്രാഥമിക നിഗമനം..
അതാവശ്യ ഘട്ടങ്ങളിൽ ഇത്തരം വാഹനങ്ങ ളിൽ വേണ്ട മാറ്റങ്ങൾ വരുത്തി ഓക്സിജൻ വിതരണത്തിന് ഉപയോഗിക്കാം എന്നതിനാൽ ടാങ്ക് പാർജിങ് നും മറ്റു അറ്റകുറ്റ പണികൾക്കുമായി പുതു വൈപ്പിനിലെ പെട്രോനെറ്റ് LNG ക്ക് കൈമാറി. ഏറെ ചിലവ് വരുന്നതും , സങ്കീർണ്ണവും ആയ ഈ പ്രവൃത്തി തീർത്തും സൗജന്യമായി പെട്രോനെറ്റ് ചെയ്തു നൽകും.
നാളുകളായി ഓടാതെ കിടന്ന വാഹനങ്ങൾ, ഡ്രൈവർമാരുടെ അഭാവത്തിൽ ഉദ്യോഗസ്ഥർ തന്നെ ഓടിച്ചു LNG ടെർമിനലിൽ എത്തിച്ചു. ടാങ്ക് പർജ് ചെയ്തു ഹൈഡ്രോ കാർബൺ അംശം പൂർണ്ണമായും ഒഴിവാക്കണം. പ്രഷർ വാൽവുകളുടെയും, മറ്റും കാര്യത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തി , വാഹനം കേന്ദ്ര ഏജൻസി ആയ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) നു മുന്നിൽ പരിശോധനയ്ക്ക് ഹാജരാക്കി സർട്ടിഫിക്കേഷൻ ലഭിച്ചാൽ ഓക്സിജൻ വിതരണത്തിന് തയ്യാറായി.
യുദ്ധകാലാടിസ്ഥാനത്തിൽ ഈ പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്ന ജില്ലാ ഭരണകൂടത്തിലെയും, മോട്ടോർ വാഹന വകുപ്പിലെയും, PESO യിലെയും, പെട്രോനെറ്റ് LNG യിലെയും, ഉദ്യോഗസ്ഥരെ സർക്കാർ അഭിനന്ദിച്ചു.