കൊച്ചി:രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില കൂട്ടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 93.25 രൂപയും ഡീസലിന് 87.90 രൂപയുമാണ് വില.
കൊച്ചിയില്‍ പെട്രോളിന് 91.37 രൂപയും ഡീസലിന് 86.14 രൂപയുമാണ് ഇന്നത്തെ വില. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില വര്‍ദ്ധിപ്പിക്കുന്നത്.
കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില റെക്കോഡ് ഉയരത്തിലാണ്. മിക്ക സംസ്ഥാനങ്ങളിലും സമ്പൂര്‍ണ അടച്ചിടല്‍ അടക്കമുള്ള കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളര്‍-രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് രാജ്യത്ത് എണ്ണവില നിശ്ചയിക്കുന്നത്. യു എസില്‍ എണ്ണ ആവശ്യകത വര്‍ദ്ധിച്ചതും രൂപയുമായുള്ള വിനിമയത്തില്‍ ഡോളര്‍ ദുര്‍ബലമായതും കാരണം ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരാനാണ് സാദ്ധ്യത. ബാരലിന് 68 ഡോളറിന് മുകളിലാണ് ഇപ്പോഴത്തെ നിരക്ക്.