റായ്പൂര്‍: മദ്യത്തിന് പകരം ആല്‍കഹോള്‍ കലര്‍ന്ന ഹോമിയോപതി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുബത്തിലെ ഏഴു പേര്‍ മരിക്കുകയും അഞ്ചുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഛത്തീസ്ഗഢിലെ ബിലാസ് പൂര്‍ ജില്ലയിലെ സിര്‍ഗിട്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കോര്‍മി ഗ്രാമത്തിലാണ് സംഭവം.
കൊല്ലപ്പെട്ട ഏഴു പേരില്‍ നാലുപേരും ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലെ വീടുകളിലാണ് മരിച്ചത്. മൂന്ന് പേര്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് ആശുപത്രികളിലായി മരിച്ചുവെന്നും ബിലാസ്പൂര്‍ പൊലീസ് സൂപ്രണ്ട് പ്രശാന്ത് അഗര്‍വാള്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ കമലേഷ് ധൂരി (32), അക്ഷര ധൂരി (21), രാജേഷ് ധൂരി (21), സമ്രു ധൂരി (25) എന്നിവര്‍ 91 ശതമാനം ആല്‍കഹോള്‍ അടങ്ങിയ ഹോമിയോപതി സിറപായ ഡ്രോസറെ -30 കഴിച്ചതായി കണ്ടെത്തി. ഇത് കഴിച്ചതോടെ നില വഷളാവുകയും വീട്ടില്‍ നിന്നുതന്നെ മരണം സംഭവിക്കുകയും ചെയ്തു.
കൊവിഡ് -19 അണുബാധ മൂലമാണ് മരിച്ചതെന്ന് സംശയിച്ച ബന്ധുക്കള്‍ പിറ്റേന്ന് രാവിലെ തന്നെ അധികൃതരെ അറിയിക്കാതെ അന്ത്യകര്‍മങ്ങള്‍ നടത്തുകയും ചെയ്തു. ഖേംചന്ദ് ധൂരി (40), കൈലാഷ് ധൂരി (50), ദീപക് ധൂരി (30) എന്നിവരും ഇതേ മരുന്ന് തന്നെ കഴിച്ചവരാണ്. തുടര്‍ന്ന് അവശരായ ഇവരെ ബിലാസ്പൂരിലെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
മരണത്തെക്കുറിച്ച് വിവരം ലഭിച്ച പോലീസ് സംഘം ബുധനാഴ്ച വൈകുന്നേരം തന്നെ ഗ്രാമത്തിലേക്ക് ഓടിയെത്തി. സിറപ് കഴിച്ച നാട്ടുകാരായ മറ്റ് അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇവരില്‍ നാലുപേരെ ഛത്തീസ്ഗഢ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (സിംസ്) ബിലാസ്പൂരിലേക്കും മറ്റൊരാളെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയതായി അഗര്‍വാള്‍ പറഞ്ഞു.
ഗ്രാമത്തിനടുത്തുള്ള ഹോമിയോപതി പരിശീലകനില്‍ നിന്നാണ് ഇവര്‍ സിറപ് വാങ്ങി കഴിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രാഥമിക പരിശോധനയില്‍ മരിച്ചവര്‍ മദ്യത്തിന് പകരം ഹോമിയോ മരുന്ന് അമിതമായി കഴിച്ചതാണ് മരണ കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും പോസ്റ്റ്‌മോര്‍ടം റിപോര്‍ട്ട് വന്നുകഴിഞ്ഞാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് കൃത്യമായി അറിയാന്‍ കഴിയൂ എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.