ന്യൂഡൽഹി :രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,02,351 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കൊവിഡ് നിരക്ക് മൂന്ന് ലക്ഷത്തിൽ നിന്ന് നാല് ലക്ഷമായത്. ഏപ്രിൽ മാസത്തിൽ മാത്രം 65 ലക്ഷം കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് വിദേശരാജ്യങ്ങളിലുള്ള ആരോഗ്യവിദഗ്ധർ പോലും അഭിപ്രായപ്പെടുന്ന സ്ഥിതിയുമുണ്ട്. അതേസമയം, രാജ്യത്ത് 18 മുതൽ 44 വയസ്സ് വരെയുള്ളവർക്കായുള്ള വാക്സീൻ വിതരണം ഇന്ന് തുടങ്ങും. എന്നാൽ ആവശ്യത്തിന് വാക്സീൻ ഇല്ലാത്തതിനാൽ നിരവധി സംസ്ഥാനങ്ങൾ വാക്സീൻ വിതരണം ഇന്ന് തുടങ്ങാൻ കഴിയില്ലെന്ന നിലപാട് അറിയിച്ചിട്ടുണ്ട്.
റഷ്യയിൽ നിന്ന് സ്പുട്നിക് വാക്സിന്റെ ആദ്യ ബാച്ച് ഇന്ത്യയിൽ എത്തുന്നതും ഇന്നാണ്. കേരളത്തിൽ 18 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിനേഷൻ ഇന്ന് തുടങ്ങില്ല. സർക്കാർ, സ്വകാര്യ മേഖലകളിൽ വാക്സീൻ എത്താത്തതും മാർഗ നിർദേശങ്ങൾ വരാത്തതും ആണ് കാരണം.