കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. സതീഷ് ആചാര്യ തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ചര്‍ച്ചയാകുന്നത്. കൊവിഡ് പിടിപെട്ടെന്നും ഇപ്പോള്‍ താങ്കളുടെ കാര്‍ട്ടൂണുകളുടെ വില മനസ്സിലാകുന്നുവെന്നുമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അയച്ചിരിക്കുന്ന സന്ദേശം.
കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള തന്റെ കാര്‍ട്ടൂണുകളുടെ പേരില്‍ നേരത്തെ നിരവധി തവണ താനുമായി സംവാദം നടത്തിയയാളാണ് സന്ദേശമയച്ചിരിക്കുന്നതെന്ന് സതീഷ് ആചാര്യ പറയുന്നു. കേരളത്തിലെ സംസ്ഥാന സര്‍ക്കാര്‍ മികച്ച ചികിത്സ തനിക്ക് നല്‍കുന്നുണ്ടെന്നും ചാറ്റില്‍ പറയുന്നു. സംവാദത്തിനപ്പുറം ഇദ്ദേഹം ഒരിക്കലും തന്നോട് മോശം ഭാഷയില്‍ പ്രതികരിച്ചിട്ടില്ലെന്നും സതീഷ് ആചാര്യ പറയുന്നു.
രാമ രാജ്യമെത്താന്‍ ഇനിയും എത്ര ദൂരം നടക്കണമച്ഛാ എന്ന് പിതാവിന്റെ തോളിലിരുന്ന് കുട്ടി ചോദിക്കുന്ന സതീഷ് ആചാര്യയുടെ കാര്‍ട്ടൂണും, കൊവിഡ് പ്രതിസന്ധിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പാത്രം കൊട്ടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പരിഹസിച്ചുകൊണ്ടുള്ള കാര്‍ട്ടൂണും സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.