തിരുവനന്തപുരം:പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.അദ്ദേഹത്തെ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
യു.എ.പി.എ പ്രകാരം തടവിലാക്കപ്പെട്ട കാപ്പൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്.
ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടർന്ന് മഥുരയിലെ കെ.വി. എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോർട്ടുകളുണ്ടന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആധുനിക ജീവൻ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം.
കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്ന് യു.പി. മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി അഭ്യർഥിച്ചു.
ചികിത്സ ഉൾപ്പെടെ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന മാധ്യമപ്രവർത്തകൻ സിദ്ധിഖ്കാപ്പൻ നേരിടുന്ന പീഡനങ്ങൾക്ക് അറുതി വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.സിദ്ധിഖിന്റെ ഭാര്യ റെയ്ഹാൻ ഫോണിൽ വിളിച്ചതിനെ തുടർന്നാണ് പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിച്ചത്.
ഉത്തർപ്രദേശ് ഭരണകൂടം സിദ്ധിഖ് കാപ്പന്റെ മനുഷ്യാവകാശം നിഷേധിക്കരുതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം ”
ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെക്കുറിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. സിദ്ദിഖിന്റെ ഭാര്യ റെയ്ഹാന എന്നെ ഫോണിൽ വിളിച്ചു അദ്ദേഹം അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് സംസാരിച്ചു.
കോവിഡ് ബാധിതനായ സിദ്ധിഖിനെ കട്ടിലിൽ ചങ്ങലകൊണ്ട് ബന്ധിച്ചു കിടത്തിയിരിക്കുകയാണ്. പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനായി ടോയ്‌ലെറ്റിൽ പോകാൻ പോലും അനുവദിക്കുന്നില്ല.
നോമ്പ് പിടിക്കുന്ന സിദ്ദിഖ് ആകെ തളർന്നിരിക്കുകയാണ്. നാലു ദിവസമായി ടോയ്‌ലെറ്റിൽ പോകാൻ അനുവദിക്കാത്തതിനാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ ഇടപെടണം എന്നുമാണ് റെയ്ഹാനയോട് സിദ്ധിഖ് ആവശ്യപ്പെട്ടത്.
തടവുകാർക്ക് ലഭിക്കേണ്ട മനുഷ്യാവകാശം സിദ്ധിഖിന് നിഷേധിക്കുന്നു എന്നാണ് റെയ്ഹാനയുടെ വാക്കുകളിൽ നിന്ന് മനസിലാകുന്നത്. സിദ്ധിഖിന്റെ മുഖത്തേറ്റ മുറിവിലും കുടുംബത്തിന് ആശങ്കയുണ്ട്.
സിദ്ധിഖിനു ചികിത്സ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഉത്തർപ്രദേശ് ഭരണകൂടം തയാറാകണം.
ഉത്തർപ്രദേശ് പൊലീസിന്റെ തടങ്കലിൽ രോഗബാധിതനായി ആശുപത്രിയിൽ നരകയാതന അനുഭവിക്കുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജീവൻ രക്ഷിക്കുന്നതിനും മോചനത്തിനുമായി കേരള പത്രപ്രവർത്തക യൂണിയൻ പ്രത്യക്ഷ സമരത്തിനും കാമ്പയിനും തുടക്കമിടുന്നു. സേവ് സിദ്ദീഖ് കാപ്പൻ കാമ്പയിന്റെ തുടക്കമായി യൂണിയൻ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകർ തിങ്കളാഴ്ച കരിദിനം ആചരിക്കും. രാജ്യാന്തര തലത്തിൽ അടക്കം വിഷയം കൂടുതൽ സജീവ ചർച്ചയാക്കി മാറ്റുന്നതിന് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് ഉപാധികളിലൂടെയും കാമ്പയിൻ നടത്തും.
രാജ്ഭവനു മുന്നിൽ ധർണ അടക്കം വിവിധ സമര പരിപാടികൾ വരും ദിവസങ്ങളിൽ ആവിഷ്കരിക്കുമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും അറിയിച്ചു. മാധ്യമ പ്രവർത്തകർക്കൊപ്പം സാഹിത്യ, സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഈ കാമ്പയിനിൽ അണിചേരണമെന്ന് യൂണിയൻ അഭ്യർഥിച്ചു.
കാപ്പന്റെ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന നൽകി അദ്ദേഹത്തെ തുടർ ചികിത്സക്കായി ദൽഹി എയിംസിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു 11 എം.പിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി രമണയ്ക്ക് കത്ത് നൽകി. *മഥുര മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെ പോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ എം.പിമാർ ചൂണ്ടിക്കാട്ടി.* കാപ്പന്റെ മോചനത്തിന് ഇടപെടണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ അടക്കം കേരളത്തിൽനിന്നുള്ള മുഴുവൻ എം.പിമാരോടും യൂണിയൻ അഭ്യർഥിച്ചു.