തിരുവനന്തപുരം: തന്റെ കയ്യിലിരിക്കുന്ന ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചെന്ന വിവരം അറിഞ്ഞിട്ടും കണ്ണ് മഞ്ഞളിച്ചില്ല ലോട്ടറി വിൽപ്പനക്കാരനായ പാപ്പച്ചന്. ഫോൺ വിളിച്ച് ആവശ്യപ്പെട്ട ആൾക്ക് പറഞ്ഞുറപ്പിച്ച പ്രകാരം ടിക്കറ്റ് കൈമാറി വിശ്വസ്തതയുടെ പര്യായം ആയി മാറി പാപ്പച്ചൻ. സംഗീത അധ്യാപകനായ ശാസ്താംകോട്ട സ്വദേശി ശശിധരനാണ് പാപ്പച്ചന്റെ കയ്യിൽ നിന്നും ഫോൺ വിളിച്ച് ടിക്കറ്റ് എടുത്ത ഭാഗ്യവാൻ.
ശശിധരൻ വിളിച്ച് ആവശ്യപ്പെട്ട ടിക്കറ്റ് നമ്പർ:എൻപി.600751 നാണ് നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ അടിച്ചത്. ഇടയ്ക്കിടെ ഭാഗ്യം പരീക്ഷിക്കുന്ന ശശിധരന് പലതവണ ചെറിയ തുകകൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്.
ചെറ്റച്ചൽ ജവഹർ നവോദയ വിദ്യാലയത്തിലെ അധ്യാപകനായ ശശിധരൻ സ്ക്കൂൾ അവധിയായതിനാൽ ശാസ്താംകോട്ടയിലെ വീട്ടിലാലിരുന്നാണ് പാലോട് ടൗണിലെ പാപ്പച്ചന്റെ ത്രിവേണി ലക്കി സെന്ററിലേക്കു ഫോണിൽ വിളിച്ച് താൻ പറഞ്ഞ നമ്പറുകളിലെ ആറ് ടിക്കറ്റ് എടുത്തു മാറ്റിവയ്ക്കാൻ പറഞ്ഞത്. നേരത്തെ, ശശിധരൻ പാപ്പച്ചനിൽനിന്നും ഇത്തരത്തിൽ ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു.
ഇതിനിടയിലാണ് ഫലം വന്നത്. തന്റെ കയ്യിൽ ഇരിക്കുന്ന ടിക്കറ്റിനാണ്സമ്മാനം അടിച്ചതെന്ന് പാപ്പച്ചൻ ശശിധരനെ വിളിച്ചു പറഞ്ഞു. തന്നിലൂടെ മറ്റൊരാൾക്ക് ഭാഗ്യം ലഭിച്ചതിൽ ഉപജീവനത്തിനായി ചെറിയ തോതിൽ പച്ചക്കറിക്കടയും ഒപ്പം ലോട്ടറിയും വിൽക്കുന്ന പാപ്പച്ചനും സന്തോഷത്തിലാണ്.