കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും. ആദ്യ ദിവസം കര്‍ഫ്യു ലംഘിച്ചവരെ ബോധവത്കരിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.
ചൊവ്വാഴ്ച രാത്രി മുതലാണ് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നത്. രാത്രി ഒന്‍പത് മണിക്ക് മുന്‍പ് തന്നെ കടകള്‍ അടച്ചുവെങ്കിലും വാഹനങ്ങള്‍ നിരത്തിലിറങ്ങി. ഇന്ന് മുതല്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അവശ്യ സര്‍വീസ് ഒഴികെ ഒന്നും അനുവദിക്കില്ല.
അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ആവശ്യമെങ്കില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്യും. സംസ്ഥാനത്തെ നിലവിലെ സാഹചര്യം അവലോകനം ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. രാവിലെ പതിനൊന്നിനാണ് യോഗം. ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. കൂട്ടപ്പരിശോധനയുടെ ഫലം ഉള്‍പ്പെടെയുള്ളവ യോഗത്തില്‍ ചര്‍ച്ചയാകും.
അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് വിലയിരുത്തല്‍. പ്രതിദിന കൊവിഡ് കേസുകള്‍ ഇനിയും കൂടുമെന്ന് യോഗം വിലയിരുത്തി.
പ്രതിദിന കേസുകള്‍ 40,000 മുതല്‍ അരലക്ഷം വരെ ആകാന്‍ സാധ്യതയെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു. ഇന്നും നാളെയും കൂടുതല്‍ ആളുകളില്‍ കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മാസ് പരിശോധന ഫലപ്രദമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. ഇന്നും നാളെയുമായി മൂന്ന് ലക്ഷത്തോളം സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.