തിരുവനന്തപുരം: ഇനി റേഷന്‍ കടയുടമകൾക്ക് വിലങ്ങുതടിയായി സംസ്ഥാന സർക്കാർ. ഇ പോസ് യന്ത്രങ്ങള്‍ കേടായാല്‍ റേഷന്‍ കടയുടമ കാല്‍ ലക്ഷം രൂപയിലേറെ പിഴ നല്‍കണമെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നിര്‍ദ്ദേശം. യന്ത്രം മാറ്റി പുതിയതു വയ്ക്കുന്നതിനാണ് ജിഎസ്ടി നിരക്ക് ഉള്‍പ്പെടെ 25,500 രൂപ പിഴത്തുക. എന്നാൽ യന്ത്രത്തിന്റെ വിവിധ ഭാഗങ്ങള്‍ തകരാറായാല്‍ അവ മാറ്റിവയ്ക്കുന്നതിനുള്ള നിരക്കുകളും നിശ്ചയിച്ചിട്ടുണ്ട്. ഉദാഹരണത്തിനു സെന്‍ട്രല്‍ പ്രോസസിങ് യൂണിറ്റ് മാറ്റിവച്ചാല്‍ എണ്ണായിരം രൂപയിലേറെയാണു വ്യാപാരി ചെലവാക്കേണ്ടത്.
കൂടാതെ കാര്‍ഡ് ഉടമകള്‍ വിരല്‍ പതിപ്പിക്കുന്ന ഭാഗത്തെ മൊഡ്യൂള്‍ തകരാറായാല്‍ 6490 രൂപ നല്‍കണം. യന്ത്രത്തിന്റെ 32 വിവിധ ഭാഗങ്ങള്‍ മാറ്റിവയ്ക്കുന്നതിനു ചെലവഴിക്കേണ്ടി വരുന്ന തുക ഇനം തിരിച്ച് അവരെ അറിയിച്ചു. ട്രഷറിയിലാണു തുക അടയ്‌ക്കേണ്ടത്. മുന്‍കാലങ്ങളില്‍ സംഭവിച്ചിട്ടുള്ള കേടുപാടുകള്‍ക്കു തുക അടയ്ക്കാന്‍ ശേഷിക്കുന്നവരില്‍ നിന്നു നിരക്കു പ്രകാരം ഈടാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 3 വര്‍ഷം മുന്‍പാണ് സംസ്ഥാനത്തെ 14,250ല്‍ ഏറെ റേഷന്‍ കടകളില്‍ ഇ പോസ് യന്ത്രങ്ങള്‍ സ്ഥാപിച്ചത്. ആകെയുള്ള 90.11 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളില്‍ 90 ശതമാനത്തിലേറെ പേര്‍ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചതോടെ യന്ത്രങ്ങളില്‍ വിരല്‍ പതിപ്പിച്ചോ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി നല്‍കിയോ ആണു റേഷന്‍ വിതരണം.