തൃശൂര്‍: പൂരം എഴുന്നെള്ളിപ്പ് ഒരാനപ്പുറത്ത് മാത്രമായി പ്രതീകാത്മകമായി നടത്താന്‍ ഘടകക്ഷേത്രങ്ങള്‍. കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് എട്ട് ഘടകക്ഷേത്രങ്ങളും ആഘോഷം ഒഴിവാക്കാന്‍ തീരുമാനിച്ചത്. എട്ട് ഘടകക്ഷേത്രങ്ങളും പ്രതീകാത്മകമായി പൂരം നടത്തും. വാദ്യക്കാരും ഭാരവാഹികളും ഉള്‍പ്പെടെ ഒരേസമയം 50 പേര്‍ മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലെ യോഗത്തിലാണ് ഈ തീരുമാനങ്ങളെടുത്തത്. ദേവസ്വം പ്രതിനിധികള്‍, കമ്മീഷണര്‍, ഡി.എം.ഒ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. പൂരപ്പറമ്പില്‍ പ്രവേശനമുളളവര്‍ക്കെല്ലാം ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലമോ, രണ്ട് ഡോസ് വാക്സിന്‍ എടുത്തെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോ കരുതണം. സംഘാടകര്‍, മേളക്കാര്‍, ആനക്കാര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ കൊവിഡ് പരിശോധന ഇന്ന് നടക്കും. ഒരു ആനപ്പുറത്താകും ചടങ്ങുകള്‍ നടത്തുകയെന്നാണ് തിരുവമ്പാടി വിഭാഗം അറിയിച്ചത്.
പൂരം പ്രതീകാത്മാകമായി ആഘോഷിക്കാന്‍ തിരുവമ്പാടി ദേവസ്വം ബോര്‍ഡും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ആഘോഷങ്ങളില്‍ നിന്നു പിന്മാറുകയാണെന്ന് തിരുവമ്പാടി ദേവസ്വം ഇന്നലെ അറിയിച്ചരുന്നു. പൂരം ഒരാനപ്പുറത്ത് മാത്രമായി പ്രതീകാത്മകമായി നടത്തും. ഈ പ്രാവശ്യത്തെ കുടമാറ്റത്തില്‍ നിന്നു തിരുവമ്പാടി പിന്മാറിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. പൊതുഗതാഗതത്തിനും ചരക്കു നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. കൂട്ട പരിശോധനയില്‍ ശേഖരിച്ച ശേഷിക്കുന്ന സാമ്പിളുകളുടെ ഫലം ഇന്ന് പുറത്ത് വരും. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു.
രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുത്. അനാവശ്യ യാത്രകളും രാത്രി കാലത്തെ കൂട്ടംചേരലുകളും അനുവദിക്കില്ല. പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, പാല്‍- പത്ര വിതരണം, രാത്രി ഷിഫ്റ്റില്‍ ജോലി നോക്കുന്നവര്‍,മെഡിക്കല്‍ സ്റ്റോര്‍, ആശുപത്രി, പെട്രോള്‍ പമ്പുകള്‍, എന്നീ വിഭാഗങ്ങള്‍ക്ക് ഇളവ് ഉണ്ടാകും. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ കേസ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരും.
സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. നാല് ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200 കേന്ദ്രങ്ങള്‍ മാത്രമാണ്.
പല ജില്ലകളിലും ഇന്ന് വിതരണത്തിനുള്ള മതിയായ വാക്‌സിന്‍ ഇല്ല. കൂടുതല്‍ വാക്‌സിനേഷന്‍ നടക്കുന്ന തിരുവനന്തപുരത്ത് 1500 ഡോസ് വാക്‌സിന്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍ ഇന്ന് വാക്‌സിനേഷന്‍ വ്യാപകമായി മുടങ്ങും. ഇന്ന് കൂടുതല്‍ ഡോസ് വാക്‌സിന്‍ എത്തുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന് വ്യക്തത ഇല്ല.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പൊതുപരിപാടികള്‍ ആള്‍ക്കൂട്ടം പരിമിതപ്പെടുത്തി നടത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. ജില്ലയിലെ ഫുട്ബോള്‍ ടര്‍ഫുകളും ജിംനേഷ്യവും അടച്ചിടാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലപ്പുറം ജില്ലയില്‍ ആയിരത്തിനു മുകളിലാണ് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം. ജില്ലയിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു വ്യാപനം രൂക്ഷമാകുന്ന സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്. പലയിടത്തും 15 ശതമാനത്തിന് മുകളിലാണ് പോസ്റ്റിവിറ്റി നിരക്ക്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലേക്ക് നിയോഗിച്ച പ്രത്യേക ഓഫീസര്‍ എം ജി രാജമാണിക്യം ഐഎഎസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ സ്ഥിതി ഗതികള്‍ വിലയിരുത്തി , തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
വിവാഹ മരണാനന്തര ചടങ്ങുകള്‍ മറ്റു പൊതു പരിപാടികള്‍ എന്നിവയില്‍ തുറസ്സായ സ്ഥലങ്ങളില്‍ പരമാവധി 150 പേര്‍ക്കും അടച്ചിട്ട മുറികളില്‍ 75 പേര്‍ക്കും മാത്രമാണ് അനുമതി. ഇഫ്താര്‍ സംഗമങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും ആരാധനാലയങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ട്. അതേസമയം ജില്ലയില്‍ പരിശോധനകള്‍ പരമാവധി നടത്തുന്നുണ്ടെന്നും വാക്‌സിനേഷന് നിലവില്‍ തടസ്സം നേരിട്ടിട്ടില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
വാളയാര്‍ അതിര്‍ത്തിയിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ജാഗ്രതാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ആരോഗ്യ വകുപ്പിന്റെതാണ് നിര്‍ദേശം. പരിശോധനാ ഫലം അപ്ലോഡ് ചെയ്യാത്ത പക്ഷം പ്രവേശനം അനുവദിക്കില്ലെന്ന് പാലക്കാട് കളക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് വ്യക്തമാക്കി.