തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ ലോക്ക് ഡൗണ്‍ ആവശ്യമില്ലെന്ന് ഐ.എം.എ പ്രസിഡന്റ് ഡോ. പി.ടി സക്കറിയാസ്. വീഴ്ചയില്ലാതെ നിയന്ത്രണങ്ങള്‍ നടപ്പാക്കണമന്നും ഐഎംഎ പ്രസിഡന്റ് പറഞ്ഞു.
ക്ലസ്റ്റര്‍ തിരിച്ചുള്ള നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വ്യാപിച്ചിട്ടുണ്ടോ എന്ന് വിശദമായി പഠിക്കണം. അതിനെ കുറിച്ച് സംശയം മാത്രമേയുള്ളൂ. രാജ്യാന്തര തല ഏജന്‍സികള്‍ക്കേ അത് പഠിക്കാന്‍ സാധിക്കൂ. ബ്രിട്ടന്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ നേരത്തെ അത് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള വൈറസ് വളരെ വേഗത്തില്‍ വായുവിലൂടെ പടരുന്നുണ്ട്. അതിനാല്‍ അടച്ചിട്ട മുറിയില്‍ കൂടുതല്‍ സമയം ഇരിക്കരുതെന്നും പ്രകൃതിയോട് അടുത്ത് നില്‍ക്കണമന്നും അദ്ദേഹം ട്വന്റിഫോറിനോട് വ്യക്തമാക്കി.
സംസ്ഥാനത്ത് രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. പൊതുഗതാഗതത്തിനും ചരക്കു നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. കൂട്ട പരിശോധനയില്‍ ശേഖരിച്ച ശേഷിക്കുന്ന സാമ്പിളുകളുടെ ഫലം ഇന്ന് പുറത്ത് വരും. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു.
രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുത്. അനാവശ്യ യാത്രകളും രാത്രി കാലത്തെ കൂട്ടംചേരലുകളും അനുവദിക്കില്ല. പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, പാല്‍- പത്ര വിതരണം, രാത്രി ഷിഫ്റ്റില്‍ ജോലി നോക്കുന്നവര്‍,മെഡിക്കല്‍ സ്റ്റോര്‍, ആശുപത്രി, പെട്രോള്‍ പമ്പുകള്‍, എന്നീ വിഭാഗങ്ങള്‍ക്ക് ഇളവ് ഉണ്ടാകും. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ കേസ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരും.
സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. നാല് ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200 കേന്ദ്രങ്ങള്‍ മാത്രമാണ്.
പല ജില്ലകളിലും ഇന്ന് വിതരണത്തിനുള്ള മതിയായ വാക്‌സിന്‍ ഇല്ല. കൂടുതല്‍ വാക്‌സിനേഷന്‍ നടക്കുന്ന തിരുവനന്തപുരത്ത് 1500 ഡോസ് വാക്‌സിന്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍ ഇന്ന് വാക്‌സിനേഷന്‍ വ്യാപകമായി മുടങ്ങും. ഇന്ന് കൂടുതല്‍ ഡോസ് വാക്‌സിന്‍ എത്തുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന് വ്യക്തത ഇല്ല.
സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്നും സംശയമുണ്ട്. വൈറസ് കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് ഉന്നതതല യോഗം നിര്‍ദ്ദേശം നല്‍കി. ഇന്ന് ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തിലാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉണ്ടായത്.
അതേസമയം വാളയാര്‍ അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ജാഗ്രതാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ആരോഗ്യ വകുപ്പിന്റെതാണ് നിര്‍ദേശം. പരിശോധനാ ഫലം അപ്ലോഡ് ചെയ്യാത്ത പക്ഷം പ്രവേശനം അനുവദിക്കില്ലെന്ന് പാലക്കാട് കളക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് വ്യക്തമാക്കി.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പൊതുപരിപാടികള്‍ ആള്‍ക്കൂട്ടം പരിമിതപ്പെടുത്തി നടത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. ജില്ലയിലെ ഫുട്ബോള്‍ ടര്‍ഫുകളും ജിംനേഷ്യവും അടച്ചിടാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലപ്പുറം ജില്ലയില്‍ ആയിരത്തിനു മുകളിലാണ് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം. ജില്ലയിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു വ്യാപനം രൂക്ഷമാകുന്ന സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്. പലയിടത്തും 15 ശതമാനത്തിന് മുകളിലാണ് പോസ്റ്റിവിറ്റി നിരക്ക്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലേക്ക് നിയോഗിച്ച പ്രത്യേക ഓഫീസര്‍ എം ജി രാജമാണിക്യം ഐഎഎസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ സ്ഥിതി ഗതികള്‍ വിലയിരുത്തി , തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
വിവാഹ മരണാനന്തര ചടങ്ങുകള്‍ മറ്റു പൊതു പരിപാടികള്‍ എന്നിവയില്‍ തുറസ്സായ സ്ഥലങ്ങളില്‍ പരമാവധി 150 പേര്‍ക്കും അടച്ചിട്ട മുറികളില്‍ 75 പേര്‍ക്കും മാത്രമാണ് അനുമതി. ഇഫ്താര്‍ സംഗമങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും ആരാധനാലയങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ട്. അതേസമയം ജില്ലയില്‍ പരിശോധനകള്‍ പരമാവധി നടത്തുന്നുണ്ടെന്നും വാക്‌സിനേഷന് നിലവില്‍ തടസ്സം നേരിട്ടിട്ടില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.