തിരുവനന്തപുരം: സംസ്ഥാനം കടന്നുപോകുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നികുതിയുള്‍പ്പടെയുള്ള എല്ലാ വരുമാന മാര്‍ഗങ്ങളും അടഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തെ ശമ്പളം കൊടുക്കാന്‍ ഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
<p>സര്‍വീസ് സംഘടനകളുമായുള്ള കൂടിക്കഴ്ചയിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യരംഗത്ത് സര്‍ക്കാരിന് വലിയ മുതല്‍ മുടക്കാണ് വേണ്ടി വരുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ചെലവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. </p>
<p>എല്ലാവര്‍ക്കും സൗജന്യറേഷനും കിറ്റും നല്‍കുന്നത് നല്ല സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാക്കാന്‍ പോകുന്നത്. ഒരുമാസത്തെ ശമ്പളം നല്‍കുന്നവരില്‍ നിന്ന് പരമാവധി ഗഡുക്കളായി പിരിക്കണമെന്നു ഭരണപക്ഷ സംഘടനകള്‍ നിര്‍ദേശം വച്ചു. എന്നാല്‍, ഒരു മാസത്തെ ശമ്പളമെന്ന വ്യവസ്ഥ അടിച്ചേല്‍പിക്കരുതെന്നും അവരവര്‍ക്ക് സാധിക്കുന്ന ദിവസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ അവസരം ഒരുക്കണമെന്നും യുഡിഎഫ് സംഘടനകള്‍ ആവശ്യപ്പട്ടു.</p>