കോഴിക്കോട്: സിനിമാ ഡോക്യുമെന്ററി സംവിധായകനും ചിത്രകാരനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് അന്തരിച്ചു. 60 വയസ്സായിരുന്നു. റിട്ട. വില്ലേജ് ഓഫീസറാണ്. ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ അടിസ്ഥാനമാക്കി ജ്യോതിപ്രകാശ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ‘ഇതിഹാസത്തിലെ ഖസാഖ്’ സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. ‘ആത്മന്‍’ എന്ന ഹ്രസ്വചിത്രത്തിന് 1996ല്‍ ദേശീയ അവാര്‍ഡും (പ്രത്യേക ജൂറി പരാമര്‍ശം) അദ്ദേഹത്തെ തേടിയെത്തി. ജോണ്‍ അബ്രഹാം പുരസ്‌കാരവും ലഭിച്ചു.
ലേ ഔട്ട് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു ജ്യോതിപ്രകാശ്. സംവിധായകനായ എടി അബുവിന്റെ ധ്വനി എന്ന സിനിമയില്‍ സഹസംവിധായകനായാണ് ജ്യോതിപ്രകാശ് സിനിമയില്‍ എത്തുന്നത്. മുന്‍മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയെക്കുറിച്ച് പിആര്‍ഡി നിര്‍മ്മിച്ച സി എച്ച്- നവോത്ഥാനത്തിന്റെ ഹരിതാക്ഷരി, ചിത്രകാരനായ അത്തിപ്പറ്റ ശിവരാമന്‍ നായരുടെ ജീവിതം ആസ്പദമാക്കിയുള്ള എഎസ് വരകള്‍ക്കപ്പുറം തുടങ്ങിയ ഡോക്യുമെന്ററികളും സംവിധാനം ചെയ്തു.
കോഴിക്കോട് എരഞ്ഞിപ്പാലം സറീല്‍ അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസം. കണ്ണൂര്‍ വെങ്ങര എടയേടത്ത് ബാലന്‍ നായരുടെയും, മലപ്പുറം മേല്‍മുറി മേപ്പള്ളിക്കുന്നത്ത് ശാരദാമ്മയുടെയും മകനാണ്. അധ്യാപികയായ ഗീതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.