തിരുവനന്തപുരം : സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിർച്വൽ ന്യൂസ് റൂമുകൾ സെറ്റ് ചെയ്തും വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെയുമാണ് ഇന്ന് മുതൽ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രവർത്തനം. ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ഒഴികെ മറ്റെല്ലാ ന്യൂസ് ഓപ്പറേഷനുകളിലും ഓഫീസുകളിൽ ജീവനക്കാരെ കുറച്ചു .
ഇവർ വീടുകളിലിരുന്ന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജോലി ചെയ്യുന്നു .ന്യൂസ് ടീമിനെ മൂന്നായി തിരിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഒരു ടീം രണ്ട് ഷിഫ്റ്റിലായി ന്യൂസ് ഡെസ്കിൽ ജോലിയിലുണ്ടാകും. മറ്റൊരു ടീം വർക്ക് ഫ്രം ഹോം സംവിധാനം വഴി ഇവരെ ജോലിയിൽ സഹായിക്കും.
മൂന്നാമത്തെ സംഘത്തിന് പൂർണമായി അവധി നൽകി റിസർവായി മാറ്റി നിർത്തിയിരിക്കുകയാണ്. അടുത്ത ഘട്ടത്തിൽ ടീമുകൾ പരസ്പരം മാറി ജോലിയെടുക്കും. ന്യൂസ് ഡെസ്കിലടക്കം ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം കൂടുന്നത് പരമാവധി ഒഴിവാക്കിയും പൊതു ഇടങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞുനിന്നും കൊവിഡ് 19നെ പ്രതിരോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഐടി കമ്പനികളടക്കം പ്രായോഗികമാക്കിയിട്ടുള്ള വർക്ക് ഫ്രം ഹോം സംവിധാനം ആദ്യമായാണ് ഒരു മുഴുവൻ സമയം ന്യൂസ് ചാനലിൽ നടപ്പാക്കുന്നത്.