കൂത്താട്ടുകുളം: വസ്ത്രം കഴുകുന്നതിനിടെ കനാലിലെ ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ മുങ്ങിമരിച്ച സംഭവം അനാഥരാക്കിയത് രണ്ടു കുട്ടികളെ. മാറിക അരിശേരിക്കരയില്‍ പരേതനായ മാധവന്റെ ഭാര്യ സുജയാണ് (40) മരിച്ചത്.എംവിഐപി കനാലില്‍ പണ്ടപ്പിള്ളി അങ്കണവാടിക്ക് സമീപമുള്ള കടവിലായിരുന്നു അപകടം. തുണി കഴുകുന്നതിനിടെ ഒഴുക്കില്‍പെട്ടു പോയ ശ്രീതുമോളെ (14) രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുജ ഒഴുക്കില്‍ പെട്ടത്.
ഇതോടെ അച്ഛന് പിന്നാലെ അമ്മയേയും നഷ്ടമായിരിക്കുകയാണ് ശ്രീതുവിനും സഹോദരന്‍ ശ്രീരാഗിനും. തുണി കഴുകിക്കൊണ്ടിരുന്ന സുജ മകള്‍ ഒഴുക്കില്‍പെട്ടതു കണ്ടു രക്ഷിക്കാനായി ഇറങ്ങിയതോടെ ശക്തമായ അടിയൊഴുക്കില്‍ പെടുകയായിരുന്നു. രക്ഷപ്പെട്ടു കരയ്ക്കു കയറിയ ശ്രീതുമോളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണു സുജയെ രക്ഷപെടുത്തിയത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ജലക്ഷാമം രൂക്ഷമായതിനാല്‍ അമ്മയും മകളും വസ്ത്രങ്ങള്‍ കഴുകാനും കുളിക്കാനുമാണ് വീട്ടില്‍ നിന്നും സ്‌കൂട്ടറില്‍ കനാലില്‍ എത്തിയത്.
അറുന്നൂറ്റിമംഗലം നിരപ്പില്‍ പരേതനായ സുകുമാരന്റെയും ശ്യാമളയുടെയും മകളാണ് സുജ. പാലക്കുഴ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് അംഗമായിരുന്നു സുജ. ചെത്തുതൊഴിലാളിയായിരുന്ന ഭര്‍ത്താവ് മാധവന്‍ 7 വര്‍ഷം മുന്‍പാണ് മരിച്ചത്. അച്ഛന് പിന്നാലെ അമ്മയും യാത്രയായതോടെ അനാഥരായിരിക്കുകയാണ് ഈ മക്കള്‍. ശ്രീതുമോള്‍ കൂത്താട്ടുകുളം ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മകന്‍ ശ്രീരാഗ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയും .