തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ 80 വയസു കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് രോഗികള്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കുള്ള തപാല്‍ വോട്ടെടുപ്പ് സംസ്ഥാനത്തു നാളെ ആരംഭിക്കും. പോളിങ് ഉദ്യോഗസ്ഥര്‍ ബാലറ്റ് പേപ്പറുമായി വീട്ടിലെത്തിയാണ് വോട്ടു ചെയ്യിക്കുക.
പോളിങ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന ദിവസവും സമയവും അപേക്ഷകരെ മുന്‍കൂട്ടി അറിയിക്കും. ബൂത്ത് ലവല്‍ ഓഫീസര്‍ മുന്‍പ് വീട്ടിലെത്തിയപ്പോള്‍ അപേക്ഷിച്ചവര്‍ക്കു മാത്രമാണ് ഈ അവസരം. 4.02 ലക്ഷം പേരാണ് അപേക്ഷിച്ചിട്ടുള്ളത്. ഇവര്‍ക്ക് ഇനി ബൂത്തില്‍ നേരിട്ടെത്തി വോട്ടു ചെയ്യാന്‍ കഴിയില്ല. അപേക്ഷകരെ മുന്‍കൂട്ടി അറിയിച്ചത് അനുസരിച്ച് സൂക്ഷ്മ നിരീക്ഷകന്, 2 പോളിങ് ഓഫിസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥന്, വിഡിയോഗ്രഫര്‍, ഡ്രൈവര്‍ എന്നിവരടങ്ങുന്ന സംഘമാണ് വീടുകളില്‍ എത്തുന്നത്.
സ്ഥാനാര്‍ഥിക്കോ ബൂത്ത് ഏജന്റ് ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ക്കോ വീടിനു പുറത്തുനിന്ന് വോട്ടെടുപ്പ് നിരീക്ഷിക്കാന്‍ അനുവാദമുണ്ട്. പോളിങ് സംഘം വോട്ടറുടെ വീട്ടിലെത്തി ആദ്യം തിരിച്ചറിയല്‍ രേഖ പരിശോധിക്കും. തുടര്‍ന്ന് തപാല്‍ വോട്ട് രേഖപ്പെടുത്തുന്ന രീതി വിശദീകരിക്കും. ഇതിനു ശേഷം ബാലറ്റ് പേപ്പര്‍, കവര്‍, പേന, പശ തുടങ്ങിയവ കൈമാറും. വോട്ടര്‍ വോട്ട് രേഖപ്പെടുത്തി ബാലറ്റ് പേപ്പര്‍ കവറിനുള്ളിലാക്കി ഒട്ടിച്ച് അപ്പോള്‍ത്തന്നെ പോളിങ് ടീമിനെ തിരികെ ഏല്പിക്കണം.
ഈ പ്രക്രിയ വിഡിയോയില്‍ ചിത്രീകരിക്കും. ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തുന്നത് വിഡിയോയില്‍ പകര്‍ത്തില്ല. വോട്ടറില്‍നിന്നു കൈപ്പറ്റുന്ന ബാലറ്റ് പേപ്പര്‍ അടങ്ങുന്ന ഒട്ടിച്ച കവര്‍ പോളിങ് സംഘം അന്നുതന്നെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ക്കു കൈമാറും. അത് റിട്ടേണിങ് ഓഫിസറുടെ ഓഫിസില്‍ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ് റൂമില്‍ സൂക്ഷിക്കും.