കോട്ടയം: മുന്നണി മാറിയതൊന്നും വിജയത്തെ ബാധിക്കില്ലെന്ന് പാലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. താന്‍ മുന്നണി മാറിയ സാഹചര്യം പാലയിലെ ജനങ്ങള്‍ക്കറിയാം. നേരിട്ട് ജയിക്കാന്‍ കഴിയാത്തതു കൊണ്ട് എല്‍ഡിഎഫ് തനിക്കെതിരെ അപരന്‍മാരെ രംഗത്ത് ഇറക്കിയിരിക്കുകയാണെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു.
സ്വന്തം പാര്‍ട്ടിയേയും മുന്നണിയേയും വഞ്ചിച്ചാണ് മാണി സി. കാപ്പന്‍ പാലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അവസരവാദികള്‍ക്ക് ജനം മറുപടി നല്‍കും. ഉപതെരഞ്ഞെടുപ്പില്‍ പാലയില്‍ വിജയച്ചത് ഇടതു മുന്നണിയുടെ മികവു കൊണ്ടാണന്നും പാലയില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ ഭരണമെന്ന് സര്‍വേ ഫലം പുറത്ത് വന്നു. ടൈംസ് നൗ-സീ വോട്ടര്‍ സര്‍വേ ഫലമാണ് നിലവില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ചിരിക്കുന്നത്. എല്‍ഡിഎഫ്-77, യുഡിഎഫ്-62, ബിജെപി-1 എന്നിങ്ങനെയാണ് മുന്നണികള്‍ നേടുന്ന സീറ്റ് നിലയെന്ന് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു.
ഇതിന് പുറമെ 39.3% പേര്‍ അടുത്ത മുഖ്യമന്ത്രി പിണറായി വിജയനാകണമെന്ന് അഭിപ്രായപ്പെട്ടു. സര്‍വേയില്‍ പങ്കെടുത്ത 26.5% പേരാണ് ഉമ്മന്‍ ചാണ്ടി അടുത്ത മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടത്. മുല്ലപ്പള്ളിയെ പിന്തുണച്ചത് 8.8% പേരാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ 41.64 ശതമാനം പേര്‍ വലിയ തൃപ്തി പ്രകടിപ്പിച്ചപ്പോള്‍, കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തില്‍ 42.54 ശതമാനം പേര്‍ വലിയ അതൃപ്തിയാണ് പ്രകടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ വലിയ തൃപ്തി പ്രകടിപ്പിച്ചത് 23.88 ശതമാനം പേര്‍ മാത്രമാണ്. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനത്തില്‍ 33.32 ശതമാനം പേര്‍ അതൃപ്തിയും 31.32 ശതമാനം പേര്‍ തൃപ്തിയും പ്രകടിപ്പിച്ചു.