കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കുന്ന വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. കുഞ്ഞുടുപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചിഹ്നം. ഈ ചിഹ്നം അനുവദിച്ച് തരണമെന്ന് വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കമ്മീഷൻ ചിഹ്നം അനുവദിച്ചത്.
‘ഫ്രോക്ക്’ ആണ് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചതെന്ന് വാളയാർ സമര സമിതി സംഘാടകനായ സി. ആർ നീലകണ്ഠനാണ് അറിയിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരം. പ്രചാരണത്തിനായുള്ള പണം കണ്ടെത്താനും അമ്മ സമൂഹമാദ്ധ്യമങ്ങളിലൂടെ സഹായം ചോദിച്ചിരുന്നു. വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട തന്റെ പെൺമക്കളുടെ നീതിയ്ക്ക് വേണ്ടിയാണ് ധർമ്മടത്ത് മുഖ്യമന്ത്രിയ്‌ക്കെതിരെ മത്സരിക്കുന്നതെന്ന് അമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.