കൊച്ചി:പരിപാടിയുടെ അവതാരകര്‍ തന്നെ സര്‍വ്വെയെ തള്ളിപ്പറയുന്ന കൗതുകകരമായ കാഴ്ചയാണ് മനോരമ ന്യൂസ് പുറത്തുവിടുന്ന പ്രീപോള്‍ സര്‍വ്വെ.പ്രവചനത്തില്‍ പലതും അവിശ്വസനീയമാണെന്നാണ് അവതാരകര്‍ തന്നെ പറയുന്നത്. അത്തരത്തില്‍ ഒരു പ്രവചനം ആണ് ഉടുമ്പഞ്ചോല മണ്ഡലത്തിലേത്. വൈദ്യുതി മന്ത്രി എംഎം മണി ഉടുമ്പഞ്ചോലയില്‍ പരാജയപ്പെടും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. കേരളത്തില്‍ പിണറായി വിജയന് കഴിഞ്ഞാല്‍ ഏറ്റവും അധികം ജനസമ്മതിയുള്ള നേതാവായിട്ടാണ് എംഎം മണിയെ പ്രവര്‍ത്തകരും എതിരാളികളും വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ തവണ 1,109 വോട്ടുകള്‍ക്കായിരുന്നു എംഎം മണിയുടെ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സേനാപതി വേണു ആയിരുന്നു. കടുത്ത പോരാട്ടം ആയിരുന്നു കഴിഞ്ഞ തവണ നടന്നത്. അന്ന് ബിഡിജെഎസ് 21,799 വോട്ടുകള്‍ നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.എന്നാല്‍ കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്.
വൈദ്യുത മന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനം ആണ് കാഴ്ച വച്ചിട്ടുള്ളത്. മണ്ഡലത്തിലെ വികസന കാര്യങ്ങളിലും ഏറെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.സാധാരണഗതിയില്‍ മണ്ഡലത്തില്‍ മത്സരിയ്ക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ തള്ളിക്കയറ്റം ഉണ്ടാകുമെങ്കിലും സേനാപതി വേണു അടക്കമുള്ള കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥികള്‍ താല്‍പ്പര്യം കാണിയ്ക്കാതെ വന്നതോടെ ഒടുവില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി ഇ.എം ആഗസ്തി രംഗത്തുവരികയായിരുന്നു.
സി.പി.ഐ.എമ്മിനെ പ്രതിസന്ധിയിലാക്കി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധങ്ങള്‍ നടത്തിയ പൊന്നാനി മണ്ഡലത്തില്‍ യു.ഡി.എഫ് ജയിക്കുമെന്ന് മനോരമ പ്രീപോള്‍ സര്‍വേ ഫലം. 46. 70 ശതമാനം യു.ഡി.എഫിന് ലഭിക്കുമെന്ന് പറയുമ്പോള്‍ 41. 40 ശതമാനം മാത്രമാണ് എല്‍.ഡി.എഫിന് ലഭിക്കുകയെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്. എന്‍.ഡി.എ മൂന്നാം സ്ഥാനത്ത് എത്തുമെന്നാണ് സര്‍വേയില്‍ പറയുന്നത്. 6.70 ശതമാനം മാത്രമാണ് എന്‍.ഡി.എ വിജയിക്കുമെന്ന് പറഞ്ഞത്.
കഴിഞ്ഞ തവണ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ജയിച്ച മണ്ഡലമാണ് പൊന്നാനി. ആദ്യം ശ്രീരാമകൃഷ്ണന്റെ പേര് ഉയര്‍ന്ന് വന്നിരുന്നെങ്കിലും സി.ഐ.ടി.യു ദേശീയ നേതാവായ നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
പൊന്നാനിയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് പി. നന്ദകുമാറാണ്. എന്നാല്‍ നന്ദകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള പാര്‍ട്ടി അനുഭാവികള്‍ പ്രതിഷേധവുമായി തെരുവിലറങ്ങിയിരുന്നു. പൊന്നാനി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ടി.എം. സിദ്ദീഖിനെ സ്ഥാനാര്‍ത്ഥി ആക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.പ്രാദേശിക നേതാവായ ടി.എം സിദ്ദീഖിന് മണ്ഡലത്തിലുള്ള ജനപിന്തുണയായിരുന്നു പ്രതിഷേധത്തിന് കാരണം. എ. എം രോഹിത്താണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.
കോഴിക്കോട് ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളും ചുവക്കുമെന്നാണ് അഭിപ്രായ സര്‍വേയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും രണ്ട് മണ്ഡലങ്ങളില്‍ യു.ഡി.എഫും ഒരു മണ്ഡലത്തില്‍ എന്‍.ഡി.എയും എത്തുമെന്നാണ് സര്‍വേയില്‍ പറഞ്ഞത്. വയനാട് മണ്ഡലത്തില്‍ മുഴുവന്‍ സീറ്റും എല്‍.ഡി.എഫ് നേടുമെന്നും സര്‍വേ പറയുന്നു.കണ്ണൂരില്‍ 9 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും രണ്ട് മണ്ഡലങ്ങളില്‍ യു.ഡി.എഫും വിജയിക്കുമെന്നാണ് സര്‍വേ.
മലപ്പുറം ജില്ലയില്‍ യു.ഡി.എഫ് മുന്നേറുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ സര്‍വേ ഫലം. 16 മണ്ഡലങ്ങളില്‍ 15ലും യു.ഡി.എഫ് ജയിക്കുമെന്നാണ് പ്രവചനം.തവനൂര്‍ മണ്ഡലത്തില്‍ കെ.ടി ജലീല്‍ മികച്ച ഭൂരിപക്ഷം നേടുമെന്നും സര്‍വേയില്‍ പറയുന്നു. യുഡിഎഫ് 48.22 ശതമാനം, എല്‍.ഡി.എഫ് 39.15 ശതമാനം, എന്‍ഡിഎ 9.34 ശതമാനം, മറ്റുള്ളവര്‍ 3.29 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് റിപ്പോര്‍ട്ട്.
കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ തൃത്താലയില്‍ സിറ്റിംഗ് എം.എല്‍.എയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ വി.ടി ബല്‍റാമിന് നേരിയ മുന്‍തൂക്കമെന്നും അഭിപ്രായസര്‍വേ ഫലം.5.5 ശതമാനം വോട്ടിന്റെ മാത്രം മേല്‍കൈമാത്രമാണ് മണ്ഡലത്തില്‍ ബല്‍റാമിനുള്ളത്. എം.ബി രാജേഷ് ആണ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
മലമ്പുഴ ഇത്തവണയും എല്‍.ഡി.എഫ് തന്നെ ജയിക്കുമെന്ന് മനോരമ പ്രീ പോള്‍ സര്‍വേ ഫലം. 38. 7 ശതമാനം പേരാണ് എല്‍.ഡി.എഫിന് വിജയ സാധ്യതയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.യു.ഡി.എഫിന് 32. 8 ശതമാനം ലഭിച്ച് രണ്ടാം സ്ഥാനത്ത് എത്തുമെന്നും സര്‍വേ ഫലം പറയുന്നു.കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമായിരുന്നു മലമ്പുഴ. ഇത്തവണ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്കെത്തുമെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്. അതേസമയം കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്കെത്തിയ യു.ഡി.എഫ് നില മെച്ചപ്പെടുത്തുമെന്നാണ് സര്‍വേ ഫലത്തില്‍ ചൂണ്ടിക്കാട്ടുന്നത്.വി.എസ് അച്യുതാനന്ദന്റെ സിറ്റിംഗ് മണ്ഡലമായ മലമ്പുഴയില്‍ ഇത്തവണ മത്സരിക്കുന്നത് എ. പ്രഭാകരനാണ്.
മലപ്പുറം ജില്ലയിലെ പതിനാറ് മണ്ഡലങ്ങളില്‍ പതിനഞ്ചും യു.ഡി.എഫിനെ തുണയ്ക്കും. നിലമ്പൂര്‍ അട്ടിമറിയിലൂടെ യു.ഡി.എഫ് തിരിച്ചുപിടിക്കും. കൊണ്ടോട്ടിയും ഏറനാടും വണ്ടൂരും കോട്ടയ്ക്കലും നിലനിര്‍ത്തും. പെരിന്തല്‍മണ്ണയും മങ്കടയും മലപ്പുറവും വേങ്ങരയും വള്ളിക്കുന്നും യു.ഡി.എഫിനെത്തന്നെ വരിക്കും. ലീഗ് ശക്തികേന്ദ്രമായ മഞ്ചേരിയില്‍ കടുത്ത മല്‍സരമാണ് യു.ഡി.എഫ് നേരിടുന്നത്. സീറ്റ് നിലനിര്‍ത്തും എന്ന് അന്തിമഫലം വരുമ്പോഴും മഞ്ചേരിയില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വോട്ടുവത്യാസം 3.9 മാത്രമാണ്.
പാലക്കാട് ജില്ലയിലെ പന്ത്രണ്ടില്‍ ഏഴിടത്ത് യു.ഡി.എഫിനും അഞ്ചിടത്ത് എല്‍.ഡി.എഫിനും അഭിപ്രായസര്‍വെ ജയസാധ്യത കല്പ്പിക്കുന്നു. ഇരുമുന്നണികളുടെയും പ്രബലര്‍ ഏറ്റുമുട്ടുന്ന തൃത്താല 5.5 ശതമാനത്തിന്റെ നേരിയ മേല്‍ക്കൈയോടെ യു.ഡി.എഫ് നിലനിര്‍ത്തുമെന്നാണ് സര്‍വെഫലങ്ങള്‍ വ്യക്തമാക്കുന്നത്.
ഷൊര്‍ണൂരിലെ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് 2.07 ശതമാനം വോട്ടുകളുടെ മാത്രം മേല്‍ക്കൈയോടെ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നാണ് പ്രവചനം. പട്ടാമ്പിയിലും ഒറ്റപ്പാലത്തും ഇടതുമുന്നണി വിജയരഥം തെളിക്കും. കൊങ്ങാട് മണ്ഡലത്തിലും യു.ഡി.എഫിന്റെ അട്ടിമറിജയമാണ് സര്‍വെ പ്രവചിക്കുന്നത്. മണ്ണാര്‍ക്കാട് ഇത്തവണയും യു.ഡി.എഫിനൊപ്പം നില്ക്കും. ജില്ലയിലെ പ്രബലമായ മല്‍സരക്കളങ്ങളില്‍ ഒന്നായ മലമ്പുഴയിലെ ഇടതുകോട്ട ഇക്കുറിയും ഭദ്രമായിരിക്കുമെന്നും സര്‍വെ വ്യക്തമാക്കുന്നു. ജില്ലയിലെയും സംസ്ഥാനത്തെയും ശക്തമായ ത്രികോണ മല്‍സരത്തിന് വേദിയാകുന്ന പാലക്കാട് മണ്ഡലത്തിലും അന്തിമഫലം യു.ഡി.എഫിന് അനുകൂലമാണ്. പാലക്കാട് 5.38 ശതമാനം വോട്ടുകളുടെ ആധിപത്യമാണ് പാലക്കാടിനെ യു.ഡി.എഫിന്റെ കയ്യില്‍ നിലനിര്‍ത്തുന്നത്.
സര്‍വെയുടെ ഫലപ്രകാരം ജില്ലയെ കാത്തിരിക്കുന്ന രണ്ട് രാഷ്ട്രീയ അട്ടിമറി സാധ്യതകള്‍ തരൂരിലും നെന്മാറയിലുമാണ്. രണ്ടിടത്തും യു.ഡി.എഫ് വിജയക്കൊടിപാറിക്കുമെന്നാണ് സര്‍വെയുടെ പ്രവചനം. തരൂരില്‍ 1.87 ശതമാനത്തിന്റെ നേരിയ വ്യത്യാസത്തിലാണ് യു.ഡി.എഫിന്റെ വിജയസാധ്യത ചൂണ്ടിക്കാട്ടപ്പെടുന്നത്. ചിറ്റൂരും ആലത്തൂരും എല്‍.ഡി.എഫ് മുന്നിലെത്തും. സീറ്റുകളുടെ എണ്ണത്തില്‍ പിന്നില്‍ പോകുമെങ്കിലും പാലക്കാട് ജില്ലയില്‍ 41.96 ശതമാനം ജനപിന്തുണയുമായി വോട്ടുവിഹിതത്തില്‍ എല്‍.ഡി.എംഫ് തന്നെയാണ് മുന്നില്‍. യു.ഡി.എഫിന് 37.75 ശതമാനമാണ് യു.ഡി.എഫിന്റെ വോട്ടുവിഹിതം. എന്‍.ഡി.എയ്ക്ക് 19.71 ശതമാനം വോട്ടര്‍മാരുടെ പിന്തുണയുണ്ട്.
തൃശൂരിലെ മല്സരക്കളത്തില് കഴിഞ്ഞതവണയുണ്ടായിരുന്ന സമഗ്രാധിപത്യം ഇക്കുറി എല്‍.ഡി.എഫിനില്ലെന്നാണ് മനോരമ ന്യൂസ്- വി.എം.ആര് അഭിപ്രായ സര്‍വേയുടെ അന്തിമഫലം വ്യക്തമാക്കുന്നത്. ജില്ലയില്‍ എട്ടുസീറ്റുകള്‍ എല്‍.ഡി.എഫും അഞ്ചുസീറ്റുകള്‍ യു.ഡി.എഫും നേടുമെന്നാണ് സര്‍വെയുടെ പ്രവചനം. ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ യു.ഡി.എഫിന്റെ അട്ടിമറിജയസാധ്യതയുണ്ടെന്നാണ് സര്‍വെയിലെ കണ്ടെത്തല്‍.
വടക്കാഞ്ചേരിയിലെ ശക്തമായ മല്‍സരത്തില്‍ യു.ഡി.എഫ് മേല്‍ക്കൈ നേടുമെന്നും സര്‍വെ പ്രവചിക്കുന്നു. ഒല്ലൂര്‍ കടുത്ത മല്‍സരത്തിനൊടുവില്‍ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നാണ് അഭിപ്രായ സര്‍വെയുടെ കണ്ടെത്തല്‍. തൃശൂര്‍ മണ്ഡലത്തിന് എല്‍.ഡി.എഫിലുള്ള വിശ്വാസം ഇക്കുറിയും ഭദ്രമെന്നും സര്‍വെഫലം അടിവരയിടുന്നു. തൃശൂരിന് പുറമെ നാട്ടികയും കൈപ്പമംഗലവും എല്‍.ഡി.എഫ് നിലനിര്‍ത്തും. ഇരിങ്ങാലക്കുടയും പുതുക്കാടും ഇടതുമുന്നണിയെ തുണയ്ക്കും. ചാലക്കുടിയിലെ കടുത്ത മല്‍സരത്തിന്റെ അന്തിമഫലവും ഇടതുമുന്നണിക്ക് അനുകൂലമാണ്. കൊടുങ്ങല്ലൂരിലെ വിജയം ഇക്കുറിയും ആവര്‍ത്തിക്കും. യു.ഡി.എഫിനേക്കാള്‍ 4.71 ശതമാനം അധികം വോട്ടുവിഹിതമാണ് തൃശൂരില്‍ എല്‍.ഡി.എഫ് നേടുന്നത്. 41.85 ശതമാനമാണ് എല്‍.ഡി.എഫിന്റെ ജില്ലയിലെ വോട്ടുവിഹിതം. യു.ഡി.എഫിന് 37.14 ശതമാനവും എന്‍.ഡി.എയ്ക്ക് 19.52 ശതമാനവും മറ്റുള്ളവര്‍ക്ക് 1.49 ശതമാനവും വോട്ടുകള്‍ ലഭിക്കുമെന്ന് സര്‍വെ പ്രവചിക്കുന്നു
ഇടുക്കി ജില്ലയിലെ അഞ്ചുമണ്ഡലങ്ങളിലും യു.ഡി.എഫ് ശക്തമായ മേല്‍ക്കൈനേടുമെന്നാണ് അഭിപ്രായസര്‍വെ ഫലങ്ങള്‍ പ്രവചിക്കുന്നത്. ദേവികുളത്തും ഉടുമ്പന്‍ചോലയിലും യു.ഡി.എഫിന്റെ അട്ടിമറിജയത്തിനുള്ള സാധ്യതയിലേക്ക് സര്‍വെ വിരല്‍ചൂണ്ടുന്നു. മൃഗീയമേധാവിത്തത്തോടെ കഴിഞ്ഞതവണ വിജയിച്ച തൊടുപുഴയില്‍ കടുത്ത വെല്ലുവിളിയാണ് യു.ഡി.എഫ് നേരിടുന്നത്. മണ്ഡലം നിലനിര്‍ത്തുമ്പോഴും എല്‍.ഡി.എഫുമായുള്ള വോട്ടുവ്യത്യാസം കേവലം 0.07 ശതമാനം മാത്രമാണ്. ഇടുക്കി പതിവുപോലെ യു.ഡി.എഫിനോട് ചേര്‍ന്നു നില്ക്കുമ്പോള് പീരുമേട്ടില്‍ ഇടത് മേധാവിത്തം അട്ടിമറിയിലൂടെ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നും സര്‍വെഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
എല്‍.ഡി.എഫിനേക്കാള്‍ 6.02 ശതമാനം വോട്ടുകള്‍ അധികം നേടി 41.48 ശതമാനം വോട്ടര്‍മാരുടെ പിന്തുണയാണ് ഇടുക്കിയില്‍ യു.ഡി.എഫിനുള്ളത്. എല്‍.ഡി.എഫിന് 35.46 ശതമാനവും എന്‍.ഡി.എ 19.76 ശതമാനവും മറ്റുള്ളവര്‍ 3.30 ശതമാനവും വോട്ടുവിഹിതവും സര്‍വെ പ്രവചിക്കുന്നു.
വിജയസാധ്യതകള്‍ക്കൊപ്പം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയരുന്ന വിവിധ വിഷയങ്ങളിലും വോട്ടര്‍മാരുടെ നിലപാടുകള്‍ സര്‍വെയിലൂടെ പുറത്തുവന്നു. ശബരിമല ഇപ്പോഴും തിരഞ്ഞെടുപ്പ് വിഷയമാണോ എന്ന ചോദ്യത്തിന് ആണെന്ന് 43 ശതമാനവും അല്ലെന്ന് 33 ശതമാനവും വോട്ടര്‍മാര്‍ പ്രതികരിച്ചപ്പോള്‍ നിലപാടില്ലെന്ന് 24 ശതമാനംപേരും പ്രതികരിച്ചു. സോളര്‍ കേസിലെ സി.ബി.ഐ അന്വേഷണത്തില്‍ രാഷ്ട്രീയമുണ്ടെന്ന് 40 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയമില്ലെന്ന് 22 ശതമാനംപേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 38 ശതമാനം പേര് ഒരു നിലപാടും സ്വീകരിച്ചില്ല
മതസൗഹാര്‍ദം സംരക്ഷിക്കുന്നതില്‍ എല്‍.ഡി.എഫ് മികച്ച മുന്നണിയെന്ന് 48 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. യു.ഡി.എഫാണ് മികച്ചതെന്ന് 34 ശതമാനം പേര് പ്രതികരിച്ചപ്പോള്‍ എന്‍.ഡി.എയില്‍ 13 ശതമാനംപേര്‍ പ്രതീക്ഷയും വിശ്വാസവുമര്‍പ്പിച്ചു. പ്രീ പോള്‍ സര്‍വെയുടെ രണ്ടു ഘട്ടങ്ങളിലായി എട്ടു ജില്ലകളിലെ 78 മണ്ഡലങ്ങളുടെ സാധ്യതകള്‍ പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫിന് 41 മണ്ഡലങ്ങളും യു.ഡി.എഫിന് 36 മണ്ഡലങ്ങളും എന്‍.ഡി.എയ്ക്ക് ഒരു മണ്ഡലത്തിലും സൂചനകള്‍ അനുകൂലമാണ്.