കണ്ണൂര്‍ : ഒരേ വീട്ടിലെ 4 പേര്‍ക്കു വിഷബാധ, അതില്‍ ഒരാള്‍ മരിച്ചു, മറ്റു മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍. നേരത്തെ ചികിത്സയില്‍ ഉണ്ടായിരുന്ന 2 പേര്‍ക്കു പുറമേ മൂന്നാമതൊരാളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണു സംഭവത്തിന്റെ ദുരൂഹത വര്‍ധിച്ചത്.
മരിച്ച രവിയുടെ ഭാര്യ പറയുന്നത് ഇങ്ങനെ, അന്നു രാവിലെ നഴ്‌സറിയില്‍ പണിക്കു പോയ ഞാന്‍ വൈകിട്ടാണു തിരിച്ചു വന്നത്. വന്നപ്പോള്‍ കുട്ടികള്‍ക്കു രണ്ടാള്‍ക്കും ഛര്‍ദിയും വയറിളക്കവും. ഞാനും ഭര്‍ത്താവും കൂടി രണ്ടാളെയും ഡോക്ടറെ കാണിക്കാന്‍ കൊണ്ടു പോയി. അവിടുന്ന് കുട്ടികള്‍ക്ക് ഗ്ലൂക്കോസ് നല്‍കി. പിന്നീട് വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിനും ആകെ അവശത. അവശത കൂടി പെട്ടെന്ന് വീടിന്റെ തിണ്ണയില്‍ കിടന്നു. ദേഹമെല്ലാം വിയര്‍ക്കുന്നുണ്ടായിരുന്നു.
കൈകാലുകള്‍ എല്ലാം കോച്ചിപ്പിടിച്ചപോലെ. രാത്രി മുഴുവന്‍ ഛര്‍ദിച്ചു. എനിക്ക് ഒറ്റയ്ക്ക് ആശുപത്രിയില്‍ കൊണ്ടു പോകാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് രാവിലെ പച്ചക്കറിപ്പാടത്തെ ആള്‍ വന്നാണു കൊണ്ടു പോയത്. വഴിക്ക് എത്തിയപ്പോഴേക്കും മരിച്ചു.
സ്‌കൂളില്‍ നിന്നു ബാക്കി കൊണ്ടു വരുന്ന ഭക്ഷണം കുട്ടികള്‍ വീട്ടിലെത്തി കഴിക്കാറുണ്ട്. കുട്ടികള്‍ സ്‌കൂള്‍ വിട്ടു വന്ന് കളിക്കാന്‍ അപ്പുറത്തെ പറമ്പിലൊക്കെ പോയിരുന്നു. അതിനു ശേഷം ഇവര്‍ എന്തൊക്കെ കഴിച്ചു എന്നൊന്നും എനിക്ക് അറിയില്ല.
3നു രാത്രി പത്തോടെ ഛര്‍ദിയും വയറിളക്കവും ആരംഭിച്ചു. ഒപ്പം കൈകാലുകള്‍ കോച്ചി വലിയലും. രാത്രി മുഴുവന്‍ ഛര്‍ദിച്ച് അവശനിലയിലായി. രാവിലെ 6നു രവി ജോലി ചെയ്യുന്ന പച്ചക്കറിത്തോട്ടത്തിലെ ഉടമയുടെ വാഹനത്തില്‍ പേരാവൂര്‍ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നു. വഴിക്കു വച്ചു രവി മരിക്കുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ല.
മഹേഷ് (35)
5നു വൈകിട്ട് ഛര്‍ദിയും വയറിളക്കവും തുടങ്ങി. കുടുംബത്തില്‍ സമാന സംഭവങ്ങള്‍ ഉണ്ടായതോടെ രാത്രി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ വിശ്വസനീയമായ വിവരങ്ങള്‍ ഇദ്ദേഹത്തില്‍ നിന്നു ലഭിക്കാനും പ്രയാസം.
പി.ആര്‍.വിഷ്ണു (10), പി.ആര്‍.ജിന്‍സ് (7)
3നു വൈകിട്ട് അഞ്ചോടെ ഛര്‍ദിയും വയറിളക്കവും തുടങ്ങി. വൈകിട്ട് 6നു ഡോക്ടറെ കാണിച്ചു വീട്ടില്‍ തിരിച്ചു കൊണ്ടു വന്നു. രാത്രി മുഴുവന്‍ വീണ്ടും ഛര്‍ദി. രാവിലെ രവി മരിച്ചതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നു.
നാലു പേര്‍, ഒരേ ലക്ഷണം
മരിച്ച രവിക്കും ചികിത്സയില്‍ തുടരുന്ന 3 പേര്‍ക്കും സമാന ലക്ഷണങ്ങളാണ് ഉണ്ടായത്. ഛര്‍ദിയും വയറിളക്കവും. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രവി മരിച്ചതിനാല്‍ വിദഗ്ധ പരിശോധനകള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മറ്റു 3 പേരിലും പരിശോധനയില്‍ രക്തത്തില്‍ ആസിഡിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്‍ക്കുന്ന അസിഡോസിസ് എന്ന അവസ്ഥ സ്ഥിരീകരിച്ചു. കീടനാശിനി, എലിവിഷം, ആസിഡ് എന്നിവ ഉള്ളില്‍ ചെന്നാലോ ഭക്ഷണങ്ങളിലെ വിഷബാധയെ ഗുരുതര വൃക്ക രോഗമോ മൂലമേ സാധാരണയായി ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടാറുള്ളു.