ഋഷികേശ്: കൊവിഡിനെ പ്രതിരോധിക്കാന്‍ ഗായത്രി മന്ത്രത്തിനും പ്രാണായാമത്തിനും സാധിക്കുമോയെന്ന് അറിയാന്‍ ഗവേഷണത്തിനൊരുങ്ങി ഋഷികേശിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. കൊവിഡ് 19ന് രോഗികള്‍ക്ക് നല്‍കുന്ന സാധാരണ ചികിത്സയ്ക്ക് പുറമേയുള്ള ഈ മാര്‍ഗങ്ങള്‍ക്കുള്ള പ്രതിഫലനമാണ് പരിശോധനാ വിഷയമാക്കുന്നത്. 20 കൊവിഡ് രോഗികളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഗവേഷണം.
ബി ഗ്രൂപ്പിലുള്ള പത്ത് കൊവിഡ് രോഗികള്‍ക്ക് സാധാരണ ചികിത്സയും ഗ്രൂപ്പ് എയിലുള്ള രോഗികള്‍ക്ക് ചികിത്സയും ഗായത്രി മന്ത്രോച്ചാരണവും രാവിലെയും വൈകുന്നേരവും ഒരു മണിക്കൂര്‍ വീതമുള്ള യോഗാപരിശീലനവുമാണ് ഗവേഷണ മാര്‍ഗമായി സ്വീകരിച്ചിരിക്കുന്നത്. പതിനാല് ദിവസത്തെ നിരീക്ഷണ കാലത്ത് ആശുപത്രി രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കും.
ശരീരത്തിലെ അണുബാധയിലെ വ്യത്യാസവും പരിശോധിക്കും. പരീക്ഷണത്തിന് മുന്നോടിയായി അണുബാധയുടെ തോത് അളക്കുന്നതിന് രോഗികളുടെ സി ക്രിയേറ്റീവ് പ്രോട്ടീന്റെ അളവ്, എക്സ് റേ അടക്കമുള്ളവ പരിശോധിക്കും. പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഈ പരിശോധനകള്‍ വീണ്ടും നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഗവേഷണം നടത്തുന്നത്.
ഋഷികേശ് എയിംസിലെ ശ്വാസകോശ രോഗവിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറും ഗവേഷണത്തിന്റെ ചുമതലയുമുള്ള ഡോ രുചി ദുവാ ഗവേഷണത്തിന്റെ മറ്റ് വിവരങ്ങളേക്കുറിച്ച് പ്രതികരിച്ചില്ലെന്നാണ് ദേശീയമാധ്യങ്ങളുടെ റിപ്പോര്‍ട്ട്. ഫെബ്രുവരി അഞ്ചിനാണ് ഈ ഗവേഷണ പദ്ധതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രോഗികള്‍ക്ക് പ്രാണായാമം, ഗായത്രി മന്ത്രം എന്നിവ പരിശീലിക്കുന്നത് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിശദമാക്കുമെന്നാണ് റിപ്പോര്‍ട്ട്.