ചെന്നൈ: സ്ഥാനാര്‍ഥികളുടെ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനിടെ പ്രതിഷേധങ്ങള്‍ പതിവാണ്. സിറ്റിങ് എം.എല്‍.എമാര്‍ക്കാണ് പലപ്പോഴും ഇത്തരം പ്രതിഷേധങ്ങള്‍ കൂടുതലായി നേരിടേണ്ടിവരിക. തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ എം.എല്‍.എ മാണിക്യത്തിനെ വോട്ടര്‍മാര്‍ സ്വീകരിച്ച രീതിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മധുര ജില്ലയിലെ ഷോലവന്ദന്‍ മണ്ഡലത്തിലാണ് സംഭവം.
മണ്ഡലത്തിലെ സേവക്കാട് ഗ്രാമത്തില്‍ എം.എല്‍.എ എത്തിയതോടെ നിരവധി സ്ത്രീകള്‍ വരിവരിയായി അണിനിരക്കുകയായിരുന്നു. കൈയില്‍ ഒരു പാത്രത്തില്‍ അരിയുമായാണ് സ്വീകരണം. സ്ത്രീകള്‍ എം.എല്‍.എയെ ആരതി ഉഴിയാന്‍ തുടങ്ങിയതോടെയാണ് പാത്രത്തിലെ അരി ശ്രദ്ധയില്‍പ്പെടുന്നത്. സാധാരണ നിറമോ ഗുണമോ ഇല്ലാത്ത കറുപ്പും മഞ്ഞയും കലര്‍ന്ന പുഴുവരിച്ച അരിയാണ് സ്ത്രീകളുടെ പാത്രത്തില്‍.
റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന ഗുണനിലവാരമില്ലാത്ത അരിയാണ് സ്ത്രീകള്‍ ആരതി ഉഴിയാന്‍ ഉപയോഗിച്ചത്. എം.എല്‍.എയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു ഇത്. സ്ത്രീകള്‍ എം.എല്‍.എക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നു.
Women hold 'aarti' plates filled with poor quality of ration rice to welcome AIADMK MLA & Sholavandan candidate during his campaign in #Madurai pic.twitter.com/bSMiTFm7dq
— Shabbir Ahmed (@Ahmedshabbir20) March 17, 2021
‘ഇത് ഞങ്ങള്‍ക്ക് എങ്ങനെ കഴിക്കാന്‍ സാധിക്കും ഞങ്ങള്‍ മനുഷ്യന്‍മാരല്ലേ ഞങ്ങള്‍ വിശ്വസ്തരായ എ.ഐ.എ.ഡി.എം.കെ വോട്ടര്‍മാരാണ്. പക്ഷേ രണ്ടിലക്ക് വോട്ട് ചെയ്തതുകൊണ്ട് ഞങ്ങള്‍ക്ക് എന്താണ് നേട്ടം. എന്തെങ്കിലും ഞങ്ങള്‍ക്ക് തിരിച്ചുനല്‍കുന്നുണ്ടോ’ -ഒരു സ്ത്രീ എം.എല്‍.എയോട് ചോദിക്കുന്നതും വിഡിയോയില്‍ കാണാം.
എന്നാല്‍ എം.എല്‍.എ സംസാരിക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധവും ഉടലെടുത്തു. പിന്നീട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിക്കാമെന്ന് എം.എല്‍.എ ഉറപ്പുനല്‍കിയതോടെയാണ് പ്രചാരണം തുടരാന്‍ അനുവാദം നല്‍കിയത്. ഏപ്രില്‍ ആറിന് ഒറ്റഘട്ടമായാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ്. മേയ് രണ്ടിന് ഫലം പുറത്തുവിടും.