കോഴിക്കോട്: സംസ്ഥാനത്ത് മുഖ്യമന്ത്രിയാകാനുള്ള നീക്കം തനിക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഏതെങ്കിലും കസേര കണ്ടല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. കോണ്‍ഗ്രസില്‍ കെ.സി വേണുഗോപാല്‍ ഗ്രൂപ്പ് എന്നൊന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം കൂട്ടായ തീരുമാനമാണ്. ഇക്കാര്യത്തില്‍ തന്റേതായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. കെ. സുധാകരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നില്ല. ഇരിക്കൂരില്‍ സജി ജോസഫിന്റെ സ്ഥാനാര്‍ഥിത്വം അടിച്ചേല്‍പ്പിച്ചതല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെ.സി. വേണുഗോപാല്‍ ഇടപെട്ടിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെ. സുധാകരന്റെ ആക്ഷേപം അടിസ്ഥാനരഹിതമെന്നും മുല്ലപ്പള്ളി പറഞ്ഞു. ‘കോ-ലീ-ബി’ ആരോപണത്തെ മുല്ലപ്പള്ളി തള്ളി. പൊതുജനം വലിച്ചെറിഞ്ഞ ആരോപണമാണിത്. സിപിഎം, ബിജെപി ബന്ധം പുറത്തായതിന്റെ വെപ്രാളമാണിതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ സിപിഎം നിലപാടെന്തെന്നും മുല്ലപ്പള്ളി ചോദിച്ചു. യെച്ചൂരിക്കൊപ്പമാണോ പാര്‍ട്ടിയും സര്‍ക്കാരും പിണറായിയും കടകംപള്ളി നയം വ്യക്തമാക്കണമെന്നും കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
ശബരിമലയല്ല യുഡിഎഫിന്റെ പ്രധാന വിഷയമെന്നും അദ്ദേഹം പറഞ്ഞു. വികസനമാണ് യുഡിഎഫിന്റെ മുദ്രാവാക്യം. നേമത്തെ മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നും കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.