ന്യൂഡൽഹി ∙ അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കുമൊടുവിൽ, നേമത്ത് കെ. മുരളീധരൻ എംപി കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നു സൂചന. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽത്തന്നെ മൽസരത്തിനിറങ്ങും. തൃപ്പൂണിത്തുറയിൽ കെ. ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയിൽ പി.സി. വിഷ്ണുനാഥും മൽസരിക്കുമെന്നും വിവരമുണ്ട്. പട്ടാമ്പി, നിലമ്പൂര്‍ ഒഴികെയുള്ള സീറ്റുകളില്‍ പ്രഖ്യാപനം ഇന്ന് നടക്കും.
അഭിമാനപ്പോരാട്ടത്തിലൂടെ ബിജെപിയിൽ നിന്ന് നേമം പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ മണ്ഡലത്തിൽ ശക്തനായ സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് മണ്ഡലം അടുത്തിടെ മികച്ച പോരാട്ടത്തിലൂടെ കൈക്കലാക്കിയ കെ.മുരളീധരനെ രംഗത്തിറക്കുന്നതിലൂടെ ബിജെപിക്കെതിരെ നേമത്തും ശക്തമായ പോരാട്ടത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
സൂപ്പർ സൺഡെ’ ആകാംക്ഷയിലാണ് രാഷ്ട്രീയകേരളം. കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും സ്ഥാനാർഥിപ്പട്ടിക ഇന്ന് ഡൽഹിയിൽ പുറത്തിറങ്ങും. ഇതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിയും. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രചാരണരംഗത്ത് ഒരടി മുന്നിലെത്തിക്കഴിഞ്ഞു. എന്നാൽ, സാധ്യതാപ്പട്ടികയുടെ പേരിൽതന്നെ യു.ഡി.എഫിൽ പലയിടത്തും പ്രതിഷേധം തുടരുകയാണ്. ചിട്ടയായ സംഘടനാപ്രവർത്തനമുള്ള മുസ്‌ലിം ലീഗിൽ സംസ്ഥാന സെക്രട്ടറിവരെ പ്രതിഷേധത്തിന്റെ നോവറിഞ്ഞു. എല്ലാം മൂന്നോ നാലോ ആളുകൾ ചേർന്ന് തീരുമാനിക്കുന്നു എന്നതാണ് കോൺഗ്രസിലെ വിമർശനം.
ഇഷ്ടപ്പെട്ട നേതാക്കളെ അവർ ആഗ്രഹിച്ച മണ്ഡലത്തിൽ പരിഗണിക്കുന്നില്ലെന്നതാണ് അണികളെ ചൊടിപ്പിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുതുപ്പള്ളിക്ക് പകരം നേമത്തായിരിക്കും മത്സരിക്കുന്നതെന്ന വാർത്ത ശനിയാഴ്ച വലിയ പ്രതിഷേധത്തിനാണ് കാരണമായത്. ഒരു പ്രവർത്തകൻ വീടിന് മുകളിൽക്കയറി ആത്മഹത്യഭീഷണിവരെ ഉയർത്തി.
പൊന്നാനിയിലും കുറ്റ്യാടിയിലുമായിരുന്നു സി.പി.എം. പ്രതീക്ഷിക്കാത്തവിധത്തിൽ അണികളുടെ പ്രതിഷേധമുയർന്നത്. അച്ചടക്ക വാൾവീശി അതു തണുപ്പിക്കാനും തീരുമാനത്തിൽ മാറ്റംവരുത്താതെ കളത്തിലിറങ്ങാനും സി.പി.എമ്മിന് കഴിഞ്ഞു. എന്നാൽ, സി.പി.ഐ.യിൽ കാഞ്ഞങ്ങാട്ടും ചടയമംഗലത്തും മുറുമുറുപ്പ് അവസാനിച്ചിട്ടില്ല. പിറവം സീറ്റിലേക്ക് സി.പി.എം. അംഗത്തെ സ്ഥാനാർഥിയാക്കിയത് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനും തലവേദനയായി. റാന്നി സീറ്റിലെ സ്ഥാനാർഥി പ്രമോദ് നാരായണനുമുണ്ട് എതിർപ്പ്. കുറ്റ്യാടിയിലെ ജോസ് വിഭാഗത്തിന്റെ സ്ഥാനാർഥിയെ സി.പി.എം. സ്വീകരിക്കുമെന്ന ഘട്ടത്തിലെത്തിയിട്ടുണ്ട്.
അതേസമയം സ്വന്തം മണ്ഡലമായ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണപ്രവർത്തനങ്ങൾ തുടരുകയാണ്. തിങ്കളാഴ്ച അദ്ദേഹം നാമനിർദേശ പത്രിക നൽകും.
കൊല്ലത്ത് പരിഗണിക്കാത്തതിലുള്ള പ്രതിഷേധത്തിനിടെ ബിന്ദു കൃഷ്ണ വിതുമ്പി. പാലക്കാട്ട് ഒറ്റപ്പാലവും മലമ്പുഴയും കോൺഗ്രസ് പെയ്‌മെന്റ് സീറ്റാക്കിമാറ്റി എന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പരാതി. മുൻ ഡി.സി.സി. പ്രസിഡന്റ് എ.വി. ഗോപിനാഥ് നൽകിയ അന്ത്യശാസനവും ഞായറാഴ്ച അവസാനിക്കും. എ ഗ്രൂപ്പിനെ ഒതുക്കാനുള്ള ശ്രമമാണ് ഉമ്മൻചാണ്ടിയെ നേമത്തേക്ക് അയക്കാനുള്ള നീക്കത്തിനു പിന്നിലെന്നാണ് അനുയായികൾ വിശ്വസിക്കുന്നത്. തൃപ്പൂണിത്തുറയിൽ കെ. ബാബുവിനുവേണ്ടി ഒട്ടേറെപ്പേർ സംഘടനാസ്ഥാനങ്ങൾ രാജിവെച്ചു. ഇരിക്കൂർ സീറ്റ് കെ.സി. വേണുഗോപാലിന്റെ നോമിനിയായ സജീവ് ജോസഫിന് നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് എ ഗ്രൂപ്പിന്റെ സംസ്ഥാനനേതാക്കൾ അവിടെ രാപകൽ സമരത്തിലാണ്. കാസർകോട്ടെ തൃക്കരിപ്പൂർ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് നൽകിയതാണ് കോൺഗ്രസുകാരിൽ ചിലരുടെ എതിർപ്പിനു കാരണം.
തിരൂരങ്ങാടിയിൽ ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് വേണ്ടെന്നാണ് ഒരുവിഭാഗം പ്രവർത്തകരുടെ ആവശ്യം. കൊടുവള്ളി, കോഴിക്കോട് സൗത്ത് എന്നിവിടങ്ങളിലും സ്ഥാനാർഥിയെച്ചൊല്ലി ഭിന്നത നിലനിൽക്കുന്നു. യു.ഡി.എഫ്. അനുവദിച്ചുനൽകിയ മലമ്പുഴ സീറ്റ് വേണ്ടെന്നാണ് നാഷണലിസ്റ്റ് ഭാരതീയ ജനതാദളിന്റെ നിലപാട്. പകരം അവർക്ക് എലത്തൂർ വേണം. അതാകട്ടെ കാപ്പന്റെ എൻ.സി.പി.ക്ക് നൽകിയതുമാണ്.
ബി.ജെ.പി.യിൽ ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രനോട് മത്സരിക്കാൻ ഒരുങ്ങിയിരിക്കാൻ കേന്ദ്രനേതൃത്വം നിർദേശിച്ചിട്ടുണ്ട്. നടൻ സുരേഷ് ഗോപി ഉൾപ്പെടെ വലിയൊരു സംഘം പട്ടികയിലുണ്ടാവുമെന്നാണ് സൂചന.