കൊച്ചി:സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിനിടെ സ്ഥാനാർത്ഥി പട്ടികയിൽ അർഹമായ പ്രാതിനിഥ്യം കിട്ടിയില്ലെങ്കിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ നിർത്തുമെന്ന ഭീഷണി ആവർത്തിച്ച് ഐൻടിയുസി. സ്ഥാനാർത്ഥി പട്ടികയിൽ തൊഴിലാളി നേതാക്കളെ ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നുമാണ് ഐൻടിയുസിയുടെ മുന്നറിയിപ്പ്.
17 ലക്ഷം അംഗങ്ങളുള്ള ഐഎൻടിയുസി ആണ് കോൺഗ്രസിന്റെ എറ്റവും വലിയ വോട്ട് ബാങ്കെന്ന് സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ കൊച്ചിയിൽ പറഞ്ഞു. സ്ഥാനാർത്ഥി പട്ടികയിൽ തൊളിലാളി നേതാക്കളെ ഉറപ്പാക്കുകയും ഐഎൻടിയുസിക്ക് അർഹമായ പ്രാധിനിധ്യം നൽകുകയും ചെയ്യണമെന്നാണ് ആവശ്യം.
ഐഎൻടിയുസിയുടെ നിലപാട് കേൾക്കാൻ കെപിസിസി നേതൃത്വം തയ്യാറാകണം. ഓരോ ജില്ലയിലും ശക്തരായ നേതാക്കളെ മത്സരിപ്പിക്കാനാണ് നീക്കം. അഞ്ച് സീറ്റുകളാണ് സംഘടന നേതൃത്വത്തോട് ആവശ്യപ്പെട്ടത്. കൊട്ടാരക്കര അല്ലെങ്കിൽ കുണ്ടറ, വൈപ്പിൻ, വാമനപുരം അല്ലെങ്കിൽ നേമം, ഏറ്റുമാനൂർ അല്ലെങ്കിൽ പൂഞ്ഞാർ, കാഞ്ഞങ്ങാട് എന്നീ സീറ്റുകളാണ് സംഘടന ആവശ്യപ്പെട്ടത്.
ഭാവി പ്രവർത്തനങ്ങൾ ഏകോപിപ്പാക്കാനായി ഏഴംഗ കമ്മിറ്റി ഐൻടിയുസി രൂപീകരിച്ചിട്ടുണ്ട് പ്രത്യേക കമ്മിറ്റി മറ്റന്നാൾ കൊച്ചിയിൽ യോഗ൦ ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കും.