ന്യൂഡല്‍ഹി മധ്യവയസിലെ പ്രണയബന്ധത്തിന് തടസംനിന്ന ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകനു നിര്‍ദേശം നല്‍കിയ ഭാര്യ അറസ്റ്റില്‍. ദക്ഷിണ ഡല്‍ഹിയില്‍ ഡിഫന്‍സ് കോളനിയിലാണ് സംഭവം. ചിരാഗ് ഡല്‍ഹി സ്വദേശി ഭീംരാജിനാണ് (45) വെടിയേറ്റത്. കഴുത്തില്‍ ഗുരുതരമായി പരുക്കേറ്റ ഭീംരാജ് ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്.
ഭീംരാജിന്റെ ഭാര്യ ബബിതയും (41) 23കാരനായ രോഹനും നാലു മാസമായി അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ ഭീംരാജ് ബബിതയെ മര്‍ദിച്ചു. തുടര്‍ന്ന് ബബിത തന്നെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തന്നോട് ആവശ്യപ്പെട്ടതെന്നും ഇതനുസരിച്ചാണ് നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്നും രോഹന്‍ മൊഴി നല്‍കി.
ബുധനാഴ്ചയാണ് സംഭവം. ബിഎസ്ഇസ് രാജധാനി പവറിലെ ഡ്രൈവറായ ഭീംരാജ് കാറിനകത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ ബൈക്കിലെത്തി രോഹന്‍ വെടിയുതിര്‍ത്തു. ശേഷം ബൈക്കില്‍ രക്ഷപ്പെട്ടു. തുടര്‍ന്നു നടന്ന പൊലീസ് അന്വേഷണത്തില്‍ രോഹനെ പിടികൂടി. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ആദ്യം വ്യക്തമായില്ലെങ്കിലും നമ്പറിനെക്കുറിച്ച് ഏകദേശ ധാരണ ലഭിച്ചു. ഇന്‍ഷുറന്‍സ് രേഖകളടക്കം പരിശോധിച്ചായിരുന്നു അനേഷണം പുരോഗമിച്ചത്.
ഇതിനിടെ, രോഹന്‍ മറ്റൊരിടത്ത് ബൈക്ക് പാര്‍ക്ക് ചെയ്ത് ഹെല്‍മറ്റുമായി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ തുമ്പായി. എന്നാല്‍, ചോദ്യംചെയ്യാനെത്തിയ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ രോഹന്‍ ശ്രമിച്ചു. തെറ്റായി വിവരങ്ങളാണ് ഇയാള്‍ നല്‍കിയത്. ഭീംരാജുമായി റോഡില്‍ വഴക്കുണ്ടായെന്നും ഇതിന്റെ പ്രതികാരത്തിലാണ് വെടിവെച്ചതെന്നുമായിരുന്നു രോഹന്‍ പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ രോഹന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതോടെ കള്ളി വെളിച്ചത്തായി. വിശദമായി ചോദ്യംചെയ്തതോടെ ബബിതയുമായുള്ള ബന്ധവും മറ്റുകാര്യങ്ങളും ഇയാള്‍ തുറന്നു പറഞ്ഞു. ബബിത തന്നെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തന്നോട് ആവശ്യപ്പെട്ടതെന്നും ഇതനുസരിച്ചാണ് നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്നും രോഹന്‍ പറഞ്ഞു.