ചേര്‍ത്തല: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട്ടില്‍ സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ എന്നിവയുടെ സംയുക്തയോഗത്തില്‍ ആണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്.
കര്‍ഷക, ചെത്തു തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന കുട്ടനാട്ടില്‍ സിപിഎമ്മിന് ഏറെ സ്വാധീനമുണ്ട്. അതേസമയം അദ്ദേഹം എന്‍സിപിയെ കുറ്റപ്പെടുത്തുകയും ചെയ്തു. കുടുംബാവകാശം പോലെയാണ് ചിലര്‍ സീറ്റ് കുത്തകയാക്കി വച്ചിരിക്കുന്നത്. ചെത്തുകാരേക്കാള്‍ നല്ലത് ബ്ലേഡ്കാരാണെന്ന് അഭിപ്രായപ്പെട്ട എന്‍സിപിക്ക് കുട്ടനാട്ടിലെ ചെത്തുകാരുടെ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്‍സിപിക്ക് പുറമെ കേരള കോണ്‍ഗ്രസിനേയും അദ്ദേഹം കുറ്റപ്പെടുത്തി. അധികാര ദുര്‍മോഹികളുടെ ആള്‍കൂട്ടമായി കേരള കോണ്‍ഗ്രസ് അധപതിച്ചു. വളരുംതോറും പിളരുന്ന ഇവര്‍ ഭരണത്തിലേറിയാല്‍ രാജ്യത്തെ നന്നാക്കാനല്ല സ്വയം നന്നാകാനാണ് ശ്രമിക്കുന്നത്. വോട്ടു ബാങ്ക് രാഷ്ട്രീയത്തിലാണ് എല്ലാവരുടെയും കണ്ണ്. ഭരണ പങ്കാളിത്വത്തില്‍ നിന്ന് പിന്നാക്കക്കാരനെ ആട്ടിപായിക്കാനാണ് മുന്നണികള്‍ മത്സരിക്കുന്നത്. അധികാരത്തില്‍ നിന്ന് അകറ്റപ്പെടുന്നതിനാല്‍ പിന്നാക്കക്കാരന് അര്‍ഹമായ ആനൂകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.