ന്യൂഡല്‍ഹി: വീട്ടുകാര്‍ അറിയാതെ കാമുകനെ രഹസ്യ വിവാഹം ചെയ്ത യുവതിയെ വീട്ടുകാര്‍ കൊന്നു കനാലില്‍ തള്ളി. കിഴക്കന്‍ ഡല്‍ഹിയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. ശീതള്‍ ചൗധരി എന്ന യുവതിയെയാണ് മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് അരുംകൊല നടത്തിയത്. സംഭവത്തില്‍ ശീതളിന്റെ പിതാവ് രവീന്ദര്‍ ചൗധരി, മാതാവ് സുമന്‍, അമ്മാവന്‍ സഞ്ജയ്, ബന്ധുക്കളായ ഓംപ്രകാശ്, പര്‍വേശ്, അങ്കിത് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ കുറ്റസമ്മതം നടത്തിയെന്നാണ് അന്വേഷണ ചുമതലയുള്ള ന്യൂ അശോക് നഗര്‍ പോലീസ് മാധ്യമങ്ങളെ അറിയിച്ചത്.
2019 ഒക്ടോബറില്‍ ആയിരുന്നു ശീതളും കാമുകനായ അങ്കിത് ഭാട്ടിയും മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരാകുന്നത്. വീട്ടുകാരുടെ എതിര്‍പ്പ് ഭയന്ന് ഡല്‍ഹിയിലുള്ള ഒരു ആര്യസമാജം ക്ഷേത്രത്തില്‍വച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. ഈ വര്‍ഷം ജനുവരി വരെ താന്‍ വിവാഹിതയായെന്ന കാര്യം ശീതല്‍ വീട്ടില്‍ നിന്നു മറച്ചുവച്ചു. ജനുവരി 20 നാണ് അങ്കിതുമായി തന്റെ വിവാഹം കഴിഞ്ഞെന്ന കാര്യം ശീതള്‍ മാതാപിതാക്കളെ അറിയിക്കുന്നത്. എന്നാല്‍, ഇങ്ങനെയൊരു വിവാഹം തങ്ങള്‍ അംഗീകരിക്കില്ലെന്ന് അറിയിച്ച മാതാപിതാക്കള്‍ ഇതിന്റെ പേരില്‍ ശീതളുമായി കലഹത്തിലായി. തുടര്‍ന്നാണ് ജനുവരി 29 ന് ശീതളിനെ സ്വന്തം അച്ഛനും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തുന്നത്.
രാത്രിയില്‍ ശ്വാസം മുട്ടിച്ച് ശീതളിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മാതാപിതാക്കള്‍ കാറില്‍ അലിഗഢ് വരെ എത്തിച്ചു. ഇവിടെ നിന്നും കൂട്ടുപ്രതികളായ ബന്ധുക്കള്‍ മറ്റൊരു കാറിലായി ഇവരെ അനുഗമിച്ചു. ഇതിനുശേഷം ജവാന്‍ഗനറിലുള്ള ഒരു കനാലില്‍ തള്ളുകയായിരുന്നു. ശീതളിനെ കാണാനില്ലെന്നു കാണിച്ച് ഈ മാസം 18-ാം തീയതി അങ്കിട് ഭാട്ടിയ പോലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊടുംക്രൂരതയുടെ വിവരങ്ങള്‍ പുറത്തു വരുന്നത്.
കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം തെളിയുന്നത്.
ജനുവരി 30 ന് തന്നെ ശീതളിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍, അജ്ഞാത മൃതദേഹമെന്ന നിലയില്‍ ഈ മാസം രണ്ടുവരെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷം, അവകാശികള്‍ ആരും തേടിവരാതിരുന്നതിനെ തുടര്‍ന്ന് സംസ്‌കരിക്കുകയായിരുന്നു.