മലാബോ: മധ്യ ആഫ്രിക്കന്‍ രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയിലെ സൈനിക ബാരക്കിലുണ്ടായ സ്ഫോടനത്തില്‍ ഇരുപതോളം പേര് കൊല്ലപ്പെട്ടു. 420 പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തെ പ്രധാന നഗരമായ ബാട്ടയില് ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് സ്ഫോടനമുണ്ടായത്. ബാരക്കുകളില്‍ സൂക്ഷിച്ചിരുന്ന ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചായിരുന്നു അപകടം. തുടര്‍ച്ചയായി നാല് സ്ഫോടനങ്ങളാണ് നടന്നത്.
സ്ഫോടനത്തില്‍ മേഖലയിലെ ഒട്ടുമിക്ക വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. സ്ഫോടനത്തില്‍ എത്ര പേര് മരിച്ചതായി കൃത്യമായി സ്ഥിരീകരണമില്ല. പ്രസിഡന്റ് തിയോഡോര്‍ ഒബിയാംഗ് പറഞ്ഞത് 15 മരിച്ചെന്നും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റെന്നുമാണ്.
എന്നാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ 17 പേര് മരിച്ചതായാണ് പറയുന്നത്. 420 പേര്‍ക്ക് പരിക്കേറ്റെന്നും പറയുന്നു. അതേസമയം അന്താരാഷ്ട്ര മാധ്യമങ്ങള്‍ 20 പേര് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയുമുണ്ട്. പ്രദേശത്തെ ആശുപത്രികള്‍ പരിക്കേറ്റവരെകൊണ്ട് നിറഞ്ഞിരിക്കുകയാണ്.