പാലക്കാട്:ജില്ലയില്‍ എ കെ ബാലനെതിരെ വ്യാപക പോസ്റ്ററുകള്‍. രാഷ്ട്രീയത്തിൽ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം, പ്രസ് ക്ലബ് എന്നിവിടങ്ങളിലുള്ള പോസ്റ്ററുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. എ കെ ബാലൻ്റെ വീടിന് സമീപവും പോസ്റ്റർ പതിച്ചിരുന്നു.
പാർട്ടി അധികാരം വെച്ച് മണ്ഡലത്തെ കുടുംബ സ്വത്ത് ആക്കിയാൽ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാർ എതിര്‍ക്കുമെന്നാണ് പോസ്റ്ററിൽ പറയുന്നത്. എ കെ ബാലൻ്റെ പേരെടുത്ത് പരാമർശിക്കാതെയാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. സേവ് കമ്മ്യൂണിസം എന്ന പേരിലാണ് പോസ്റ്റർ. തരൂരിൽ ഡോക്ടർ ജമീല സ്ഥാനാർത്ഥിയാവുന്നതിനെതിരെ പ്രവർത്തകർക്കിടയിൽ അമർഷം ഉണ്ടായിരുന്നു. ഇന്നുച്ചയ്ക്ക് ജില്ലാ സെക്രട്ടറിയേറ്റ് ചേരാനിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെടുന്നത്.
പട്ടികജാതി ക്ഷേമസമിതി നേതാക്കളെ അവഗണിച്ച് തരൂരില്‍ മന്ത്രി എ.കെ ബാലന്റെ ഭാര്യയെ കെട്ടിയിറക്കുന്നതില്‍ സി.പി.എമ്മില്‍ കടുത്ത അതൃപ്തിയുണ്ട്. പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നാണ് സംസ്ഥാന സെക്രട്ടറിയെറ്റ് ഈ നീക്കം നടത്തുന്നത്. പട്ടികജാതി ക്ഷേമസമിതി നേതാക്കളായ പൊന്നുക്കുട്ടന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുകൂടിയായ അഡ്വ.ശാന്തകുമാരി എന്നിവരുടെ പേരുകളാണ് ജില്ലാ കമ്മിറ്റി പരിഗണിച്ചിരുന്നത്.
ഇവരെ ഒഴിവാക്കിയാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം വന്നത്. ഇതോടെ ജില്ലയിലെ പല നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കടുത്ത അതൃപ്തിയായി. ആരോഗ്യവകുപ്പില്‍ നിന്ന് വിരമിച്ച ജമീല സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ല. പിന്നെ എന്തിനാണ് പാര്‍ട്ടി കോട്ടയില്‍ കെട്ടിയിറക്കുന്നത് എന്ന് സാധാരണ പ്രവര്‍ത്തകരടക്കം ചോദിക്കുന്നു. ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. ഇതോടെ തനിക്കെതിരെ ഗൂഢാലോചനയാണെന്ന് പറഞ്ഞ് മന്ത്രി ബാലന്‍ രംഗത്തെത്തി.
കുഴല്‍മന്ദം, തരൂര്‍ മണ്ഡലങ്ങളില്‍ നിന്ന് നാല് തവണ എ.കെ ബാലന്‍ മത്സരിച്ച് വിജയിച്ചിരുന്നു. ഇത്തവണ പാര്‍ട്ടി തരൂരില്‍ പരാജയപ്പെടുകയാണെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം എ.കെ ബാലനായിരിക്കും എന്ന രീതിയിലുള്ള സംസാരവും പാലക്കാട്ടെ നേതാക്കളുടെ ഇടയില്‍ ഉണ്ടായി.