തിരുവനന്തപുരം: വി.എസ്.ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നേരത്തെ അന്വേഷിച്ച് കഴമ്പില്ലെന്ന് തെളിഞ്ഞ കേസാണിത്. ശിവകുമാര്‍ നിരപരാധിയാണെന്ന് യു.ഡി.എഫിന് ഉറപ്പുണ്ട്. ഈ കേസ് നിയമപരമായും രാഷ്ട്രീയമായും യു.ഡി.എഫ് നേരിടും.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ വിജിലന്‍സ് കേസുകള്‍ക്ക് അനുമതി ചോദിച്ചു കൊണ്ട് താന്‍ നാല് അപേക്ഷകള്‍ ഗവര്‍ണര്‍ക്ക് നല്‍കിയെങ്കിലും ഒന്നിന് പോലും ഗവര്‍ണര്‍ അനുമതി നല്‍കിയില്ല.
ബ്രൂവറി കേസില്‍ തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണനും, ട്രാന്‍സ്ഗ്രിഡ് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും, വൈദ്യുതി മന്ത്രി എം.എം.മണിയ്ക്കും മാര്‍ക്ക് ദാനക്കേസില്‍ കെ.ടി.ജലീലിനും എതിരെയാണ് വിജിലന്‍സ് കേസിന് ഗവര്‍ണറോട് അനുമതി തേടിയത്.
ഒന്നിലും ഒരു നടപടിയും ഗവര്‍ണര്‍ സ്വീകരിച്ചില്ല.അനുമതി തരികയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. നിഷേധിച്ചിരുന്നെങ്കില്‍ കോടതിയില്‍ പോകുകയോ മറ്റുനടപടി സ്വീകരിക്കുകയോ ചെയ്യാമായിരുന്നു. പ്രതിപക്ഷം ചോദിക്കുമ്പോള്‍ അനുമതി നല്‍കാതിരിക്കുകയും ഭരണപക്ഷം ചോദിക്കുമ്പോള്‍ അനുമതി നല്‍കുകയും ചെയ്യുകയാണ്. ഇത് സര്‍ക്കാരിനെ സഹായിക്കുന്നതിനാണെന്നേ കരുതാനാവൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.