ന്യൂഡല്‍ഹി: കാര്‍ഷിക പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ കര്‍ഷകര്‍ ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക ഗവേഷണങ്ങളിലടക്കം സ്വകാര്യമേഖലയ്ക്കും സുപ്രധാനമായ പങ്കുണ്ട്. ചെറുകിട കര്‍ഷകരെ ശാക്തീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ദൗത്യം. കാര്‍ഷിക മേഖലക്ക് വലിയ പ്രാധാന്യമാണ് ബജറ്റില്‍ നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകരെ ശാക്തീകരിക്കുന്നതിലൂടെ ഗ്രാമീണ ഇന്ത്യയും ശക്തി നേടും. ബജറ്റില്‍ കര്‍ഷകര്‍ക്ക് വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കാര്‍ഷിക കടത്തിന്റെ പരിധി പതിനാറര കോടിയായി സര്‍ക്കാര്‍ ഉയര്‍ത്തി. ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസന ഫണ്ട് നാല്‍പതിനായിരം കോടിയാക്കി. കര്‍ഷകരുടെ നന്മ മാത്രമാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും മോദി പറഞ്ഞു.