തിരുവനന്തപുരം: ബി.ജെ.പി നേതൃത്വം ഉറപ്പുകള്‍ നല്‍കിയതിനെ തുടര്‍ന്ന് എന്‍.ഡി.എയില്‍ തുടരുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ്.
മുന്‍പ് ഉറപ്പുനല്‍കിയ കാര്യങ്ങളില്‍ തീരുമാനം വൈകിയതിനെ തുടര്‍ന്നാണ് എന്‍.ഡി.എയില്‍ സജീവമാകാതെ മാറി നിന്നതെന്നും ഇപ്പോള്‍ കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജനപക്ഷം നേതാവ് പി.സി ജോര്‍ജിനെ എന്‍ഡിഎയിലേക്ക് വ്യക്തിപരമായി ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹവും കൂടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.സി. തോമസ് പറഞ്ഞു.
പി.സി.തോമസിൻ്റെ വാക്കുകളിങ്ങനെ
എൻഡിഎയുമായി ഒരിക്കലും വിട്ടുപിരിഞ്ഞ് പോയിരുന്നില്ല. ചില കാര്യങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച് അടുത്ത കാലത്ത് സജീവമല്ലാതിരുന്നു എന്നുള്ളതാണ് വസ്തുത. ചില സാങ്കേതിക കാര്യങ്ങളിൽ തീരുമാനമുണ്ടാകാതെ അത് നീണ്ടു പോയതിനാലാണ് അത്തരമൊരു നടപടി സ്വീകരിച്ചത്. ഇപ്പോൾ ബന്ധപ്പെട്ടവർ ഞങ്ങളുമായി സംസാരിച്ചു. മനഃപൂർവം നീണ്ടുപോയതല്ല, അതൊക്കെ പരിഹരിക്കാമെന്ന് അവർ അറിയിച്ചു.
എൻഡിഎയിൽ സജീവമാകാതെ ഇരുന്ന സമയത്ത് യുഡിഎഫുമായി ബന്ധപ്പെട്ടവർ സംസാരിച്ചിരുന്നു. എന്നാൽ ഒരുതീരുമാനവും ഞങ്ങൾ എടുത്തിരുന്നില്ല. ഞങ്ങൾ മറ്റൊരു തീരുമാനം എടുക്കാനായി ആഗ്രഹിക്കുന്നില്ല എന്നും ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. ഞങ്ങളുമായുള്ള ബന്ധത്തെ കുറച്ചുകാണുന്നില്ലെന്നും മുന്നണിയിൽ സജീവമാകണമെന്നും അവർ ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പിന്റെ പുറത്ത് കേന്ദ്ര- സംസ്ഥാന നേതൃവുമായുള്ള ചർച്ചക്ക് ശേഷം മുന്നണിയിൽ സജീവമാകാൻ തീരുമാനിക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി കാസർകോട് നിന്നാരംഭിച്ച വിജയ രഥയാത്രയുടെ ആരംഭ സമ്മേളനത്തിൽ പങ്കെടുത്തു. തിരുവനന്തപുരത്ത് നടന്ന എൻഡിഎ യോഗത്തിലും പങ്കെടുത്തു. എൻഡിഎയുടെ ഘടകക്ഷികൾക്ക് ഏതെങ്കിലും സ്ഥാനങ്ങൾ നൽകണമെന്നാണ് എൻഡിഎ ദേശീയ കമ്മിറ്റി അംഗം എന്ന നിലയിൽ ഞാൻ മുന്നോട്ടുവെച്ച നിർദേശം. അത് അംഗീകരിച്ചെങ്കിലും നടപ്പിലാക്കുന്നത് നീണ്ടുപോയി. ഘടകക്ഷികളെ പാർട്ടി ഭാരവാഹികൾക്കും സ്ഥാനങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. ഇതൊക്കെ നടപ്പിലാകുന്നത് രണ്ടുകൊല്ലത്തോളം നീണ്ടുപോയതോടെയാണ് ഞങ്ങൾ എതിർപ്പറിയിച്ചത്.
ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. ഇന്നലെ കൂടിയ എൻഡിഎ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു.അക്കാര്യങ്ങളൊക്കെ ചർച്ചാ വിഷയങ്ങളായിരുന്നു. പക്ഷെ അവർ പറഞ്ഞത് ചില കാരണങ്ങൾ കൊണ്ട് എൻഡിഎ യോഗം ചേർന്നിരുന്നില്ല. അങ്ങനെ യോഗം ചേർന്നിരുന്നുവെങ്കിൽ ഇത് എൻഡിഎ യാത്രയായി ആരംഭിക്കുമായിരുന്നു. യോഗം കൂടുന്നത് നീണ്ടുപോവുകയും മറ്റുള്ള യാത്രകൾ തുടങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബിജെപി രഥയാത്ര ആരംഭിച്ചത്. ഇപ്പോൾ യാത്ര എത്തുന്ന ജില്ലകളിൽ അതാത് ജില്ലകളിലെ എൻഡിഎ ഭാരവാഹികളെ സമ്മേളനങ്ങളിൽ പങ്കെടുപ്പിക്കുന്നുണ്ട്.
പല കാരണങ്ങൾ കൊണ്ടും രണ്ട് പ്രബല മുന്നണികളാണ് കേരളത്തിൽ അധികാരത്തിലെത്തുന്നത്. ഇതിനിടയിൽ എൻഡിഎയ്ക്ക് കുറച്ച് ബുദ്ധിമുട്ടുണ്ട്. 2004ൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി എനിക്ക് മത്സരിച്ച് ജയിക്കാൻ സാധിച്ചു. അതുപോലെ കഴിഞ്ഞതവണ ഒ. രാജഗോപാലിന് നിയമസഭയിലേക്ക് ജയിക്കാനായി. ഇങ്ങനെ ഇതുവരെ രണ്ട് വിജയം മാത്രമേ ഉണ്ടായിട്ടുള്ളു. എന്നാൽ ഇപ്പോൾ അടിത്തറ വിപൂലീകരിക്കപ്പെട്ടു. പലയിടത്തും ബിജെപിക്ക് ബഹുജന പിന്തുണ കൂടിയിട്ടുണ്ട്. ഈ പിന്തുണയും എൻഡിഎ കക്ഷികളുടെ ശക്തിയും സമാഹരിച്ചുകൊണ്ട് സ്ഥാനാർഥി നിർണയവുമൊക്കെ നടത്താമെങ്കിൽ കുറച്ചുകൂടി മുന്നോട്ടുപോകാമെന്നാണ് കരുതുന്നത്. പക്ഷേ ഭരണത്തിലേക്ക് വരാൻ സാധിക്കില്ലെങ്കിലും പരമാവധി സീറ്റുകൾ നേടാനാണ് നോക്കേണ്ടത്. അതിൽ വിജയിക്കണം. എന്നുള്ളതാണ് പൊതുവേയുള്ള ധാരണ.
ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ബിജെപിയോടോ എൻഡിഎയോടോ വിരോധമില്ല. അങ്ങനെ വിരോധമില്ല എന്നതിന്റെ തെളിവാണല്ലോ എൻഡിഎ സ്ഥാനാർഥിയായി 2004ൽ മത്സരിച്ച് ജയിക്കാൻ സാധിച്ചത്. അങ്ങനെയുള്ള ഒരു നീക്കം കണ്ടുനോക്കുമ്പോൾ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഒട്ടും അടുക്കാൻ സാധിക്കാത്ത മുന്നണിയല്ല എൻഡിഎ. അവർക്ക് പരാതികളുള്ള സാമൂഹികമായ വിഷയങ്ങൾ പരിഹരിക്കാൻ എൻഡിഎയ്ക്ക് മാത്രമേ സാധിക്കുവെന്ന തോന്നൽ അവരിലുണ്ട്. അതിനനുകൂലമായി ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്തുണ എൻഡിഎയ്ക്ക് വർധിച്ച് വരുന്നുമുണ്ട്.
എൽഡിഎഫിന്റെ തീവ്ര ശ്രമം ഒരു സീറ്റും പോകാതിരിക്കാനായിട്ടാണ്. എങ്ങനെയെങ്കിലും തുടർഭരണം നേടുക എന്നതാണ്. അങ്ങനെയുള്ളപ്പോൾ സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്ത് അത് നഷ്ടപ്പെടുത്താൻ അവർ തയ്യാറാകില്ല. അങ്ങനെയുള്ളപ്പോൾ ഒരു ലാഭവുമില്ലാതെ ബിജെപി എന്തിനാണ് അവരെ സഹായിക്കുന്നത്. അതിനും പോകില്ല.
കേരളത്തിന് പുറത്ത് കൈകോർത്ത് നിൽക്കുന്ന പാർട്ടികളാണ് കോൺഗ്രസും സിപിഎമ്മും. എന്നിട്ട് കേരളത്തിൽ മാത്രം അല്ലായെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. എൻഡിഎ രണ്ടു മുന്നണികളെയും എതിർത്താണ് നിൽക്കുന്നത്. മറ്റ് പാർട്ടിയിൽ നിന്ന് ആളുകളെ എത്തിക്കാൻ ഏത് പാർട്ടിയും ശ്രമിക്കും. കഴിഞ്ഞ ദിവസം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 52 പേരാണ് സിപിഎമ്മിൽ നിന്ന് തിരുവനന്തപുരത്ത് വെച്ച് ബിജെപിയിലേക്ക് എത്തിയത്.
അങ്ങനെ നോക്കിയാൽ ഏറ്റവും കൂടുതൽ ആളുകൾ ബിജെപിയിലേക്കെത്താൻ സാധ്യത സിപിഎമ്മിൽ നിന്നാണ്. കോൺഗ്രസിൽ നിന്നും ആളുകൾ വരും. പുതുച്ചേരിയിലേതുപോലെ അധികാരമുള്ളിടത്തേക്ക് അവർ പോകും.പക്ഷേ കേരളത്തിൽ ഈയൊരു സാഹചര്യം നിലവിലില്ല. രണ്ട് കൂട്ടരും അധികാരത്തിലെത്താൻ പരമാവധി ശ്രമിക്കുകയാണ്. ഏതെങ്കിലും തരത്തിൽ വിട്ടുവീഴ്ച ചെയ്താൽ രണ്ടുകൂട്ടർക്കും അത് ഭീഷണിയായി തീരും. അതിനവർ തയ്യാറാകുമെന്ന് കരുതുന്നില്ല. മാത്രമല്ല അങ്ങനെ ചെയ്താൽ ജനങ്ങൾ വെറുതേ വിടില്ല.